pramod-kottuli-cpm

പി.എസ്.സി. കോഴക്കേസിൽ പരാതിക്കാരന്റെ ശബ്ദരേഖ പുറത്തുവിട്ട് ന്യായീകരിക്കാനുള്ള പ്രമോദ് കോട്ടുളിയുടെ ശ്രമം മുഖവിലക്കെടുക്കേണ്ടതില്ലെന്ന് സിപിഎം. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് പ്രമോദ് കോട്ടുളിക്കെതിരെ സംഘടന നടപടിയെടുത്തതെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. എതിർപ്പുണ്ടെങ്കിൽ എന്തുകൊണ്ട് പരാതി നൽകുന്നില്ലെന്നും നേതൃത്വം ചോദിക്കുന്നു.

 

ആയുഷ് വകുപ്പിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കണ്ണുരൂള്ളയാളാണ് പണം വാങ്ങിയതെന്നും ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് പ്രമോദിനെ കുടുക്കിയതെന്നുമാണ് പരാതിക്കാരന്‍റെ ശബ്ദരേഖയുടെ ഉള്ളടക്കം. പ്രമോദ് തന്നെ പരാതിക്കാരനോട് സംസാരിച്ച്  തയാറാക്കിയ ശബ്ദരേഖ യാണിത്. എന്നാൽ പാർട്ടിയിൽ തിരിച്ചെത്താനുള്ള പ്രമോദിന്‍റെ തന്ത്രമായാണ് നേതൃത്വം ഇതിനെ കാണുന്നത്. നടപടിയിൽ പരാതി ഉണ്ടെങ്കിൽ കൺട്രോൾ കമ്മീഷനെയല്ലേ സമീപിക്കേണ്ടതെന്ന് നേതാക്കൾ ചോദിക്കുന്നു. അതേ സമയം ആർക്കാണ് പണം കൊടുത്തതെന്ന് തുറന്നുപറയാൻ പരാതിക്കാരൻ തയാറാകാത്തതാണ് സംശയം ഉയർത്തുന്നത്. ഒരു പരാതിയുമില്ല, പണം നഷ്ടമായിട്ടുമില്ല എന്ന വാദമാണ് പരാതിക്കാരൻ ഉയർത്തുന്നത്.

Also Read: 'പിഎസ്​സി കോഴ ആരോപണത്തില്‍ കുടുക്കിയത് മുതിര്‍ന്ന നേതാക്കള്‍'

പ്രമോദ് കോട്ടുളി ക്കെതിരെ ഉയർന്ന ആരോപണത്തിന് പിന്നിൽ വിഭാഗീയതയാണെന്ന് പറയുന്ന പരാതിക്കാരൻ പാർട്ടിക്ക് മുമ്പിൽ പറഞ്ഞത് അതല്ലല്ലോയെന്നും നേതാക്കൾ പറയുന്നു. പാർട്ടിക്ക് പുറത്തുള്ള ആളെങ്കിൽ എന്തു കൊണ്ട് ഇത്രയും കാലം  പൊലീസിന് പരാതി നൽകിയില്ലെന്നും പാർട്ടി നേതൃത്വം ചോദിക്കുന്നു. അതേ സമയം പണം വാങ്ങിയത് ആരെന്ന കാര്യം കൃത്യമായി പുറത്തുവരുമെന്നാണ് പ്രമോദിന്‍റെ വാദം. ഫോൺ സംഭാഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടാനാണ് പ്രമോദ് കോട്ടുളിയുടെ നീക്കം.