കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി പൊളിച്ചുമാറ്റി ക്രിട്ടിക്കൽ കെയർ ആശുപത്രി നിർമിക്കാൻ സർക്കാർ. ആദ്യഘട്ടത്തിൽ 50 കിടക്കകളുള്ള ആശുപത്രി നിർമിക്കാനുള്ള നടപടിയാണ് തുടങ്ങിയത്. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യം.
കോവിഡ് രോഗികൾ ഇല്ലാതായതോടെ പതിയെ ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. കണ്ടെയ്നറുകൾ പലതും തുരുമ്പെടുത്തു തുടങ്ങി. ഇതോടെയാണ് കണ്ടെയ്നറുകൾ പൊളിച്ചുമാറ്റി ക്രിട്ടിക്കൽ കെയർ യൂണിറ്റിന്‍റെ നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 40 കണ്ടെയ്നറുകള്‍ മാറ്റി കെട്ടിടം നിര്‍മിക്കും. ട്രോമാ കെയർ ഉൾപ്പടെയുള്ള ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കും.
ആശുപത്രിയ്ക്കായി പി.എം അഭിയാന്‍ പദ്ധതിയില്‍ നിന്ന് 23.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന് അനുവദിച്ച പത്ത് കോടി രൂപയും ഉപയോഗപ്പെടുത്തും. കോവിഡ് കാലത്ത് ജില്ലയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന ആശുപത്രി ഉപയോഗശൂന്യമായി നശിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Government to demolish tata covid hospital and build critical care hospital