fortkochi

ഫോർട്ട് കൊച്ചിയിലെ പുതുവർഷ രാത്രിയിലെ തിരക്ക് നിയന്ത്രിക്കാൻ നിർണായക തീരുമാനങ്ങളുമായി ജില്ലാ ഭരണകൂടവും പൊലീസും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പുലർച്ചെ 2 മണി വരെ പരിപാടികൾ നടത്താനാണ് തീരുമാനം. അതേസമയം, കഴിഞ്ഞവർഷത്തെ പോലെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട് 

ഫോർട്ട്കൊച്ചിയിൽ പുതുവർഷമാഘോഷിക്കാൻ എത്തുന്നവരുടെ ദീർഘനാളത്തെ ആവശ്യമാണ്  ഇക്കുറി യാഥാർഥ്യമാകുന്നത്. 12 മണിക്ക് പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് കഴിഞ്ഞാലും ആരും മൈതാനം വിട്ട് പോകേണ്ടി വരില്ല. ഗ്രൗണ്ടിലെ പരിപാടികൾ രണ്ടു മണിവരെ തുടരാനാണ് നിലവിലെ തീരുമാനം. പുലരുവോളം പരിപാടികൾ വേണമെന്നായിരുന്നു കാർണിവൽ കമ്മിറ്റിയുടെ ആവശ്യം. എന്നാൽ ഇത്രയും സമയം സുരക്ഷ ഒരുക്കാനുള്ള ബുദ്ധിമുട്ട് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി ഒന്നിന് കാർണിവലിന്റെ ഭാഗമായുള്ള റാലിയിലും നിരവധി പേർ എത്താറുണ്ട്. പുലർച്ചെ വരെയുള്ള ഡ്യൂട്ടിക്ക് ശേഷം  ഉച്ച കഴിഞ്ഞും സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള ബുദ്ധിമുട്ടാണ് പൊലീസ് അറിയിച്ചത്.  കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ്സ് ഒന്ന് രണ്ട് തീയതികളിൽ എറണാകുളം ജില്ലയിൽ നടക്കുന്നുണ്ട്. ഇതിനും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. ഇക്കാര്യങ്ങളാണ് പുലർച്ചെ വരെ ആഘോഷങ്ങൾ തുടരണമെന്ന ആവശ്യത്തിന് തടസമായത്. പരിപാടി കഴിഞ്ഞ് ആളുകൾക്ക് തിരിച്ചു പോകാൻ ഫോർട്ട്കൊച്ചി തോപ്പുംപടി റൂട്ടിൽ കെഎസ്ആർടിസി ഷട്ടിൽ സർവീസ് നടത്താനും തീരുമാനമുണ്ട്. ഇതേ തീരുമാനം കഴിഞ്ഞവർഷം എടുത്തിരുന്നെങ്കിലും നടപ്പാകാതിരുന്നതാണ് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇതേക്കുറിച്ച് അന്വേഷണങ്ങൾ ഉണ്ടായില്ലെന്നാണ് ആരോപണം.

ഇക്കുറി ജില്ല ഭരണകൂടവും കോർപ്പറേഷനും തുടക്കം മുതൽ സജീവമായി രംഗത്തുള്ളത് പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന സൂചനയാണ് നൽകുന്നത്.

Fortkochi new year celebrations