എസ്.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മലപ്പുറം പൊന്നാനിയിലെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന വാർത്ത ചിത്രീകരിച്ചത് ആസൂത്രിതമാണന്നും അസ്വാഭാവികതയുണ്ടെന്നും ദൃക്സാക്ഷികളായ സിപിഎം നേതാക്കൾ മനോരമ ന്യൂസിസിനോട്. മലപ്പുറം മുൻ എസ്പി. എസ്. സുജിത്ദാസും ഡിവൈഎസ്പി. വി.വി. ബെന്നിയും സിഐ വിനോദ് വലിയാട്ടൂരും പീഡനത്തിന് ഇരയാക്കിയെന്ന പരാതി മുൻപ് കേട്ടിട്ടില്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.എം.സിദ്ദീഖ്. വീട്ടമ്മ വെളിപ്പെടുത്തല്‍ നടത്തിയ ചിത്രീകരണം നടന്ന വീടിന്‍റെ ഉടമയും സിദ്ദിഖാണ്. പി.വി. അൻവറും നിലവിൽ സസ്പെൻഷനിലുള്ള എസ്.ഐയുമാണ് ആസൂത്രണത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് പൊന്നാനിയിലെ സിപിഎം നേതാക്കള്‍ പറയുന്നു.
പി.വി. അൻവറും പരാതി ഉന്നയിച്ച വീട്ടമ്മയും ചാനൽ കാമറയും എത്തിയപ്പോഴാണ് ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമായതെന്ന് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം ഖലിമുദ്ദീൻ. സിപിഎം സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് പി വി. അൻവർ വിളിച്ചപ്പോൾ ഖലിമുദ്ദീനും ഏരിയ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയും ടി.എം. സിദ്ദീഖിൻ്റെ വീട്ടിലെത്തിയത്. ചാനൽ കാമറയ്ക്കു മുന്നിൽ പരാതിക്കാരിയായ വീട്ടമ്മ പറയുന്ന ക്രമത്തിൽ തന്നെ തെറ്റുകളുണ്ടായിരുന്നു. കാമറയ്ക്കു മുന്നിൽ പറയാൻ സഹായിച്ചതും വിട്ട ഭാഗങ്ങൾ പൂരിപ്പിച്ചു നൽകിയതും നിലവിൽ സസ്പെൻഷനിലുള്ള സബ് ഇൻസ്പെക്ടർ ശ്രീജിത്താണ്.
എംഎൽഎയും പരാതിക്കാരിയും തമ്മിൽ തലേദിവസം മുതൽ സംസാരിച്ചിട്ടുണ്ടെന്നും സിപിഎം നേതാക്കളെ അതിന് ഉപകരണമാക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. മുൻകൂട്ടിയുളള തിരക്കഥയുടെ അടിസ്ഥാനത്തിലുളള കാര്യങ്ങളാണ് തൻ്റെ വീട്ടിൽ നടന്നതെന്ന് ടി.എം.സിദ്ദീഖ് പറഞ്ഞു.
വീട്ടമ്മയുടെ പരാതിയിൽ യഥാർഥത്തിൽ എന്തു നടന്നുവെന്ന ബോധ്യം പാർട്ടിക്കുണ്ടെന്നും അത് ആവശ്യമുള്ള ഘട്ടത്തിൽ കോടതിയെ അറിയിക്കുമെന്നും പൊന്നാനിയിലെ സിപിഎം നേതാക്കൾ പറഞ്ഞു.