കടലിൽ ആടിയുലയാൻ ഇനി വർക്കലയിലും ഫ്ലോട്ടിങ് ബ്രിഡ്ജ്. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറന്ന് കൊടുത്തു. കേരളത്തിലെ ബീച്ച് ടൂറിസം മേഖലയിൽ ഉണ്ടാകുന്ന വളർച്ചയെ തകർക്കാൻ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് വർക്കല പാപനാശം ബീച്ചിൽ വിനോദ സഞ്ചാര വകുപ്പ് മന്ത്രി ഉൽഘാടനം ചെയ്തത്. കരയിൽനിന്നും 100 മീറ്റർ കടലിലേക്ക് 3 മീറ്റർ വീതിയുള്ള പാലത്തിലൂടെ തിരമാലകളുടെ താളത്തിനൊത്ത് ആടിയുലഞ്ഞു നടക്കാം. പാലത്തിന്‍റെ അവസാനം സ്ഥാപിച്ച 11 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള പ്ലാറ്റ്ഫോമിൽ നിന്ന് കടൽ കാഴ്ചകൾ ആസ്വദിക്കാം. ഇതോടൊപ്പം സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള സാഹസിക വാട്ടർ സ്പോർട്സ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ ബീച്ച് ടൂറിസത്തിൽ വാട്ടർ സ്പോർട്സിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ എന്നും അതിനെ തകർക്കാൻ ചില ലോബികൾ പ്രവർത്തിക്കുന്നു എന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. 120 രൂപയാണ് ബ്രിഡ്ജിൽ കയറുന്നതിനുള്ള ഫീസ്. ഒരേ സമയം 100 പേരെ പ്രവേശിപ്പിക്കും. 15 മിനുട്ട് നേരം ബ്രിഡ്ജിൽ ചിലവഴിക്കാം. 1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍ മ്മിച്ചത്. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിരത്തിയിരിക്കുന്നു. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.