varakala-floating-bridge

TAGS

വര്‍ക്കല ഫ്ലോട്ടിങ് ബ്രിജ് തകര്‍ന്നതില്‍ നടപടി വാക്കിലൊതുങ്ങി. അപകടം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും മന്ത്രി പ്രഖ്യാപിച്ച  അന്വേഷണം പോലും എങ്ങുമെത്തിയില്ല. ഫ്ലോട്ടിങ് ബ്രിജ് നിര്‍മാതാക്കളെ സംരക്ഷിക്കാന്‍ നീക്കമെന്നാണ് ആരോപണം. ബ്രിജ് നിര്‍മിക്കാന്‍ ഉപയോഗിച്ച ബ്ലോക്കുകള്‍ കരയില്‍ കാടുപിടിച്ചുതുടങ്ങി. അപകടം നടന്നതോടെ വര്‍ക്കല ബീച്ചിലെ വാട്ടര്‍സ്പോര്‍ട്സും നിലച്ചു. 

പാലത്തിന്‍റെ ഫ്ലോട്ടിങ് ബ്ലോക്കുകള്‍ അപകടത്തിന് തൊട്ടുപിന്നാലെ കരയിലേക്ക് വലിച്ചിട്ടിരുന്നു. അവ അതുപോലെ തുടരുകയാണ്. സ്പീഡ് ബോട്ട് ഉള്‍പ്പെടേയുള്ള വാട്ടര്‍ സ്പോര്‍ട്സ് ഉപകരണങ്ങളും കരയില്‍ വെറുതെകിടക്കുന്നു. അപകടം നടന്നതോടെ അവയുടെ പ്രവര്‍ത്തനവും നിലച്ചു. വര്‍ക്കലയില്‍ കെട്ടിഘോഷിച്ച് തുടങ്ങിയ എല്ലാ ടൂറിസം പദ്ധതികളും സ്തംഭിച്ച നിലയില്‍. എന്നിട്ടും അപകടത്തിന്‍റെ ഉത്തരവാദികളെ കണ്ടെത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ടൂറിസം ഡയറക്ടര്‍ രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു അപകടം നടന്നയുടന്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നാളിതുവരെ അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയതായി വിവരമില്ല.  വേലിയേറ്റവും തിരയും ശക്തമായ സമയത്ത് വിനോദ സഞ്ചാരികളെ ബ്രിജില്‍ കയറ്റിയതില്‍ നടത്തിപ്പുകാരയ സ്വകാര്യ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ടൂറിസം വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിപ്പുകാരായ കമ്പനിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ടൂറിസം ഡിറക്ടര്‍ മന്ത്രിക്ക് നല്‍കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഒന്നുമുണ്ടായില്ല. അപകടത്തില്‍ വര്‍ക്കല പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്‍റെ തല്‍സ്ഥിതിയും അജ്ഞാതമാണ്.

No action on Varkala floating bridge collapse