മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് പൊലീസ് ക്യാംപിൽ വിശ്രമത്തിൽ. തിരുവനന്തപുരം എസ്.എ.പി ക്യാംപിലാണ് ബസ് നിർത്തിയിട്ടിരിക്കുന്നത്. ബസിന്റെ ഭാവി സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും തീരുമാനമെടുക്കുക. 

മഞ്ചേശ്വരം മുതൽ പാറശാല വരെ ചുറ്റിക്കറങ്ങി ദേശീയപാതകളിലും ഊടുവഴികളിലും താരമായ നവകേരള ബസ് പൂർണ വിശ്രമത്തിലാണ്. ഉടമസ്ഥൻ കെ.എസ്.ആർ.ടി.സി ആണെങ്കിലും പേരൂർക്കട എസ്.എ.പി ക്യാംപിൽ വി.ഐ.പി ബസിന്റെ വിശ്രമം. നവകേരള ബസിനൊപ്പം സ്്റ്റാൻഡ്ബൈ ബസായി പോയ ഗരുഡയും ഇവിടെതന്നെയുണ്ട്. ബസിന്റെ ഭാവി സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് സ്ഥാനമൊഴിഞ്ഞ ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. അതേസമയം, എറണാകുളത്ത് ജനുവരി ഒന്നിനും രണ്ടിനും നാല് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച മണ്ഡലങ്ങളിലാണ് സദസ്. അവിടെക്ക് മന്ത്രിസഭയാകെ ബസിൽ തന്നെ യാത്ര ചെയ്യുന്നതും ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അതും കൂടി കഴിഞ്ഞശേഷമായിരിക്കും തീരുമാനമെടുക്കുക. നവകേരള ബസ് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുമെന്നാണ് ഉടമസ്ഥരായ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാൽ, വി.ഐ.പി ബസ് സ്ഥിരമായി വി.ഐ.പി യാത്രയ്ക്ക് മാത്രമാക്കി ചുരുക്കുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളിൽ പുതിയ ഗതാഗതമന്ത്രി ഗണേഷ് കുമാർ ചുമതലയേറ്റ ശേഷമായിരിക്കും അന്തിമ തീരുമാനം.

Nava kerala bus handed over to police security