Benoy-Vishwam

 

മരണത്തിന് മുമ്പ് കാനം രാജേന്ദ്രന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് മുന്നില്‍ വച്ച പേരാണ് ബിനോയ് വിശ്വത്തിന്‍റേത്. സംസ്ഥാന സെക്രട്ടറിയായി ഇന്ന് തിരഞ്ഞെടുക്കുന്നതോടെ ബിനോയ് വിശ്വത്തിന്‍റെ കര്‍മമണ്ഡലം വീണ്ടും കേരളത്തിലേക്ക് മാറുകയാണ്. പരിസ്ഥിതി പ്രശ്നങ്ങളിലടക്കം സി.പി.ഐ മുന്നോട്ടുവയ്ക്കാറുള്ള നിലപാടുകളുടെ പതാകാവാഹകനുമാണ് ബിനോയ് വിശ്വം.

 

തനിക്കുശേഷം സി.പി.ഐയെ കേരളത്തില്‍ നയിക്കുന്നതാര് എന്ന ആശയക്കുഴപ്പത്തിനുള്ള ഉത്തരം നല്‍കിയിട്ടാണ് കാനം രാജേന്ദ്രന്‍ മടങ്ങിയത്. അതുകൊണ്ടുതന്നെ സെക്രട്ടറി സ്ഥാനത്തേക്കുള്ള ബിനോയ് വിശ്വത്തിന്‍റെ വരവിന് ഏറെ കടമ്പകള്‍ ഉണ്ടായില്ല. അദ്ദേഹം സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്ക് വന്ന രീതിയിലും സമയത്തിലും മാത്രമേ പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉണ്ടായിട്ടുള്ളു, ബിനോയ് വിശ്വത്തോട് ആരും വിയോജിച്ചിട്ടില്ല. പാര്‍ട്ടിയിലും പുറത്തും അങ്ങനെ ശത്രുക്കളില്ലാത്തയാളാണ് ബിനോയ് വിശ്വം. അതാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനശൈലി. 

 

വൈക്കം എം.എല്‍.എ ആയിരുന്ന സി.കെ.വിശ്വനാഥന്‍റെയും സി.കെ.ഓമനയുടെയും മകനായി 1955 നവംബര്‍ 25നാണ് ബിനോയ് വിശ്വത്തിന്‍റെ ജനനം. ഹൈസ്കൂള്‍ കാലത്ത് എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അവിടെ നിന്ന് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് സ്ഥാനം വരെ ഉയര്‍ന്നു. വിദ്യാഭ്യാസയോഗ്യത എം.എയും എല്‍.എല്‍.ബിയും. ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമാണ്. 2001ലും 2006ലും കോഴിക്കോട് നാദാപുരത്തുനിന്ന് നിയമസഭയിലെത്തി. 2006ലെ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു. 2018 ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുമാസത്തിനകം രാജ്യസഭാ അംഗത്വത്തിന്‍റെ കാലാവധി കഴിയും. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായതോടെ ഇനി കര്‍മരംഗം കേരളമെന്ന് ഉറപ്പിക്കാം. കാനം രാജേന്ദ്രന്‍ അന്തരിച്ചതോടെ കേരളത്തില്‍ നിന്നുള്ള സി.പി.ഐയുടെ ഏക കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇനി ബിനോയ് വിശ്വമാണ്. കാനത്തെ പോലെയുള്ള കരുത്തനായ നേതാവിന്‍റെ പിന്‍ഗാമി എന്ന നിലയില്‍ വിലയിരുത്തലുകള്‍ക്ക് വിധേയനാകും എന്നതിനാല്‍ കരുതലോടെ മുന്നോട്ടുപോകേണ്ടിവരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ ഒരുക്കണം. ഇടതുമുന്നണിയിലും കേരളരാഷ്ട്രീയത്തിലും സി.പി.ഐയുടെ പ്രസക്തി ഉറപ്പിച്ചു നിര്‍ത്തുക എന്നതാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന വെല്ലുവിളി. അതിനൊക്കെ ശേഷിയുള്ള നേതാവാണ് ബിനോയ് വിശ്വമെന്നുതന്നെയാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.  

 

Benoy Vishwam will step in as CPI's new state secretary