cow1111

കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ ഒരു കന്നുകാലി ദുരന്തമുണ്ടായത്. തീര്‍ത്തും അപ്രതീക്ഷിതമായുണ്ടായ ദുരന്തം പതിനഞ്ചുവയസുകാരന്റെ കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു. അവന്‍ അരുമയായി വളര്‍ത്തിയ പതിമൂന്ന് കന്നുകാലികള്‍ കണ്‍മുന്നില്‍ ചത്തുവീണു. പത്താംക്ലാസുകാരന്റെ ജീവിതമാര്‍ഗം കൂടിയാണ് ആ ഭക്ഷ്യവിഷബാധാ ദുരന്തത്തില്‍  ഇല്ലാതായത്.

cow22222222

തൊടുപുഴ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ മാത്യുബെന്നി വളര്‍ത്തിയ ഒരു പശുവും കിടാവും മൂരിയും ഉള്‍പ്പെടെയുള്ള കന്നുകാലികളാണ് കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്ന് ചത്തുവീണത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായിരുന്നു ഈ കന്നുകാലികള്‍. അത്യാഹിതം കണ്ടു തളര്‍ന്നു വീണ മാത്യുവിനെയും അമ്മയെയും അനുജത്തിയെയും ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു പിതാവ് ബെന്നിയുടെ മരണം. ഇതിനു ശേഷമാണ് കന്നുകാലികളുടെ പരിപാലനം മാത്യു ഏറ്റെടുത്തത്. 

cow33

തീറ്റയായി നല്‍കിയ കപ്പത്തൊണ്ടിലെ സയനൈഡ് ആണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി.  ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കന്നുകാലികള്‍ക്ക് കപ്പയുടെ തൊലി തീറ്റയായി നല്‍കിയത്. അര മണിക്കൂറിനുള്ളില്‍ അവ തൊഴുത്തില്‍ തളര്‍ന്നു വീണു. പരവേശം കാണിച്ച അവയെ തൊഴുത്തില്‍ നിന്നും അഴിച്ചുവിട്ടു. ഇറങ്ങിയോടിയ കന്നുകാലികള്‍ റബര്‍ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴിത്തിലുമായി ചത്തുവീണു. ആറ് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍  പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മണ്ണുമാന്തിയന്ത്രമുപയോഗിച്ചെടുത്ത രണ്ടു കുഴികളിലായി ഇവയെ മറവ് ചെയ്തു. 

വീടിനു സമീപത്തെ കപ്പ ഉണക്കുന്ന കേന്ദ്രത്തില്‍ നിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് ഉണക്കി കന്നുകാലികള്‍ക്ക് പതിവായി നല്‍കിയിരുന്നത്. സയനൈഡ് സാന്നിധ്യമുള്ള സസ്യങ്ങളില്‍ സര്‍വസാധാരണമാണ് കപ്പ അഥവാ മരച്ചീനി. ഇതിന്റെ ഇല,തണ്ട് ,കായ,കിഴങ്ങ് എന്നിവയിലെല്ലാം സയനൈഡിന്റെ അംശമുണ്ട്. 100ഗ്രാം പച്ചിലയില്‍ 180മില്ലിഗ്രാം സയനൈഡ് , ഹൈഡ്രോ സയനിക് ആസിഡ് രൂപത്തില്‍ അടങ്ങിയിട്ടുണ്ട്. 500–600കിലോ ഭാരമുള്ള ഒരു പശുവിന് മരണകാരണമാകാന്‍ വെറും 300–400 മില്ലിഗ്രാം സയനൈഡ് മതിയാകും. 

food poisoning; Cyanide in Tapioca, 13 cows died in Thodupuzha