rice

വയനാട്ടിലെ നെല്‍ക്കര്‍ഷകരില്‍ ഭൂരിഭാഗം പേരും ഇക്കുറി നെല്ല് നല്‍കുന്നത് സ്വകാര്യ മില്ലുകള്‍ക്ക്. സംഭരണത്തിലും പണം നല്‍കുന്നതിലും സപ്ലൈകോയുടെ അലംഭാവമാണ് സര്‍ക്കാര്‍ ഏജന്‍സിയെ തഴഞ്ഞ് സ്വകാര്യ വ്യക്തികള്‍ക്ക് നെല്ല് നല്‍കാന്‍ കര്‍ഷകര്‍ തയാറായതിനു കാരണം.

കഴിഞ്ഞ വര്‍ഷത്തെ കൃഷിയുടെ വിളവ് സംഭരിച്ച വകയില്‍ ജില്ലയിലെ നെല്‍കര്‍ഷകരെ കുറച്ചൊന്നുമല്ല സപ്ലൈകോ വട്ടം ചുറ്റിച്ചത്. നെല്ലിന്‍റെ വില കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്. ഒടുവില്‍ കിട്ടിയത് വായ്പയായി. അതും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ബാങ്കില്‍ നിന്ന് മാത്രം. സംഭരണത്തിലെ കാലത്താമസവും അനാവശ്യ നിബന്ധനകളും സപ്ലൈകോയെ മാറ്റി നിര്‍ത്താന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു.

പണിക്കാര്‍ക്ക് അന്നന്ന് കൂലി കൊടുക്കേണ്ട കര്‍ഷകര്‍ പലരും പണത്തിനായി കടമെടുക്കേണ്ട അവസ്ഥയാണ്. കാലതാമസം ഇല്ലാതെ തുക ലഭിക്കുമെന്നതാണ് ഇക്കുറി സ്വകാര്യ മില്ലുകള്‍ക്ക് നെല്ല് നല്‍കാന്‍ കര്‍ഷകര്‍ തയാറായതിനു കാരണം. സപ്ലൈകോയെക്കാള്‍ കുറഞ്ഞ വിലയിലാണ് സ്വകാര്യ മില്ലുകളുടെ സംഭരണമെങ്കിലും അധ്വാനത്തിന്‍റെ ഫലം വേഗം ലഭിക്കുമെന്നതും അനാവശ്യ നിബന്ധനകള്‍ ഇല്ലാത്തതും കര്‍ഷകരെ മാറ്റി ചിന്തിപ്പിച്ചു. ജില്ലയില്‍ കൊയ്ത്ത് തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴും പലയിടങ്ങളിലും സപ്ലൈകോയുടെ സംഭരണം തുടങ്ങിയിട്ടില്ല.

Paddy Farmers at wayanad