വിവാഹം ദിവസം വധൂവരന്‍മാര്‍ക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതിന് മാറ്റുകൂട്ടാന്‍ പ്രധാനമന്ത്രിയും കൂടിയായാലോ? ഗുരുവായൂരമ്പലത്തില്‍ ഇന്ന് വിവാഹിതരാകുന്നവര്‍ക്കാണ് പ്രധാനമന്ത്രിക്കൊപ്പം ഫൊട്ടോയെടുക്കാനുള്ള ആ അസുലഭാവസരം ലഭിക്കുക. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരമ്പലത്തില്‍ എത്തിയാതാണ് പ്രധാനമന്ത്രി.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നതോടെ കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രിയെ കാണുന്നതിനായി കാത്തിരുന്നത്. രാവിലെ 8.45നാണ് സുരേഷ് ഗോപിയുടെ മകള്‍ സൗഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ മാറ്റി വെച്ചെന്ന വിവാദം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കിയിരുന്നു.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ശേഷം പ്രധാനമന്ത്രി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12ഓടെ കൊച്ചിയിലേക്ക് തിരികെ എത്തിയതിന് ശേഷം വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുക്കും.