ജെസ്നക്ക് എന്തുപറ്റി, കഴിഞ്ഞ ആറ് വര്‍ഷത്തോളമായി മലയാളികള്‍ ആവര്‍ത്തിച്ച ചോദ്യമാണിത്. ഉത്തരം തേടി രാജ്യത്തെ പരമോന്നത ഏജന്‍സിയായ സി.ബി.ഐ അടക്കം മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും ജെസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല. പക്ഷെ ദുരൂഹതകളെല്ലാം അവശേഷിക്കുകയും ചെയ്യുന്നു.
ഇന്നേക്ക് അഞ്ച് വര്‍ഷവും പത്ത് മാസവും മുന്‍പാണ് ജെസ്ന തിരോധാനക്കേസിന് തുടക്കമാവുന്നത്. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശിയും കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്നു ജെസ്ന. 2018 മാര്‍ച്ച് 22ന് രാവിലെ മുണ്ടക്കയത്തിനടുത്ത് പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പിന്നീട് എവിടെപ്പോയി. ആ ചോദ്യമാണ് ഉത്തരമില്ലാതെ അവശേഷിക്കുന്നത്.
ജെസ്ന എവിടെ വരെപ്പോയി?
രാവിലെ ഒമ്പത് മണിയോടെയാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങുന്നത്. ആദ്യം ഒരു ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍, അവിടെ നിന്ന് ബസില്‍ കയറി എരുമേലിയിലെത്തി.അവിടെ നിന്ന് ശിവഗംഗ എന്ന ബസില്‍ കയറി മുണ്ടക്കയം ഭാഗത്തേക്ക് പോയി. മുണ്ടക്കയത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മുന്‍പുള്ള കണ്ണിമലയെന്ന സ്ഥലത്ത് ബസ് എത്തിയപ്പോള്‍ അതില്‍ ജെസ്ന ഇരിക്കുന്നതായി സി.സി.ടി.വി ദൃശ്യമുണ്ട്. ഇതിന് അപ്പുറത്തേക്ക് എങ്ങോട്ട് പോയി. ഒന്നിനും ഒരു തെളിവുമില്ല.
യാത്ര മുതല്‍ ദുരൂഹത
പഠിക്കാനായി ബന്ധുവീട്ടിലേക്ക് പോകുന്നൂവെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ജെസ്ന വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ പോലും വീട്ടില്‍ നിന്നെടുത്തില്ല. പഠിക്കാനുള്ള പുസ്തകങ്ങളും എടുത്തിട്ടില്ല. സാധാരണ യാത്രയെങ്കില്‍ മൊബൈല്‍ എന്തിന് വീട്ടില്‍ ഉപേക്ഷിച്ചുവെന്നത് ഒന്നാമത്തെ ദുരൂഹം. വീട്ടുകാരെ കബളിപ്പിച്ച് ആരുടെയെങ്കിലും കൂടെയോ, മറ്റെങ്കിലും ലക്ഷ്യത്തിനോ ഉള്ള ദീര്‍ഘദൂര യാത്രയെങ്കില്‍ കുറച്ച് വസ്ത്രങ്ങളെങ്കിലും എടുക്കില്ലേ? അതും എടുത്തിട്ടില്ല. അതിനാല്‍ യാത്ര തന്നെ ദുരൂഹമാണ്.
തുടക്കം പിഴച്ച അന്വേഷണം
ഒമ്പത് മണിയോടെ ജെസ്ന വീട്ടില്‍ നിന്നിറങ്ങിയെങ്കിലും വൈകിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. രാത്രി 8 മണിയോടെയാണ് ആദ്യം പൊലീസിനെ അറിയിക്കുന്നത്. അതായത് ജസ്ന വീട്ടില്‍ നിന്നിറങ്ങി അതി നിര്‍ണായകമായ 11 മണിക്കൂര്‍ അതിനകം നഷ്ടപ്പെട്ടിരുന്നു. ആദ്യം എരുമേലി പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ അവരുടെ അതിര്‍ത്തിയല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് വെച്ചുച്ചിറ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒളിച്ചോടിയതായിരിക്കുമെന്നൊക്കെ പറഞ്ഞ് ഉഴപ്പി. കുറച്ചെങ്കിലും തിരച്ചില്‍ തുടങ്ങിയത് നാലാം ദിവസമാണ്. അതോടെ നിര്‍ണായക സമയങ്ങളെല്ലാം നഷ്ടമായി.
പൊലീസ് നിഗമനം?
ജെസ്ന ആത്മഹത്യ ചെയ്തെന്നാണ് ലോക്കല്‍ പൊലീസ് വിശ്വസിച്ചത്. ഫോണ്‍ ഉപേക്ഷിച്ച് പോയതും വസ്ത്രങ്ങളെടുക്കാതെ വീട്ടില്‍ നിന്നിറങ്ങിയതുമെല്ലാം അതിന്റെ സൂചനയായി അവര്‍ കണ്ടു. ശബരിമല വനത്തിലോ മുണ്ടക്കയത്ത് നിന്ന് കുമളി ഭാഗത്തേക്ക് പോകുമ്പോഴുള്ള കുട്ടിക്കാനും പീരുമേട് ഭാഗത്തെ ആളൊഴിഞ്ഞ പുല്‍മേടുകളിലോ എത്തി ജീവനൊടുക്കിയിരിക്കാമെന്നും കരുതി. അവിടെയെല്ലാം പലതവണ തിരഞ്ഞു. പക്ഷെ തെളിവൊന്നും ലഭിക്കാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
മരിച്ചോ? അതോ ജീവിച്ചിരിപ്പുണ്ടോ?
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ ജെസ്നയേ വിവിധയിടങ്ങളില്‍ കണ്ടതായി ഒട്ടേറെ ഫോണ്‍വിളികള്‍ വന്നു. ബെംഗളൂരുവില്‍ കാമുകനൊപ്പം കണ്ടു, ഗോവയിലുണ്ട്, കോയമ്പത്തൂരില്‍ കണ്ടു...അങ്ങനെ 80 ലധികം വിളികള്‍. അത് അന്വേഷിക്കാനായി 16 സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച ക്രൈംബ്രാഞ്ച് അതൊന്നും ജെസ്നയല്ലെന്ന് സ്ഥിരീകരിച്ചു. ജീവിച്ചിരിക്കുന്നു എന്നത് പോലെ മരിച്ചുവെന്നും ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു. ചെന്നൈയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹമായിരുന്നു പ്രധാന സംശയം. ജസ്നയ്ക്കുള്ളത് പോലെ പല്ലില്‍ കമ്പിയിട്ടതായിരുന്നു സംശയത്തിന് ബലം നല്‍കിയത്. പക്ഷെ ഡി.എന്‍.എ പരിശോധനയിലൂടെ അത് ജെസ്നയല്ലെന്ന് ഉറപ്പിച്ചു. 2018നും 2023നും ഇടയില്‍ രാജ്യത്ത് കണ്ട ഭൂരിഭാഗം അജ്ഞാത മൃതദേഹങ്ങളും അന്വേഷിച്ചിട്ടുണ്ട്. അതിനാല്‍ ഇപ്പോളും ജെസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനും തെളിവൊന്നുമില്ല.
ക്രൈംബ്രാഞ്ച് പറഞ്ഞ നിര്‍ണായക തെളിവെന്ത്?
ക്രൈംബ്രാഞ്ച് അന്വേഷത്തിന് ഇടയില്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും എസ്.പി കെ.ജി.സൈമണും ജസ്നയേക്കുറിച്ച് നിര്‍ണായക വിവരങ്ങളുള്ളതായി വെളിപ്പെടുത്തിയത് വലിയ പ്രതീക്ഷ നല്‍കി. പക്ഷെ പറഞ്ഞതിന് അപ്പുറം നിര്‍ണായക വിവരം കേന്ദ്രീകരിച്ച് അന്വേഷിക്കാനോ ആ വിവരം സി.ബി.ഐക്ക് കൈമാറാനോ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ചില ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തേയാണ് നിര്‍ണായക തെളിവായി കണ്ടതെന്നും പക്ഷെ കോവിഡ് വന്നതോടെ അത്തരം അന്വേഷണത്തിന് തടസമായതാണ് പ്രശ്നമായതെന്നുമാണ് അന്നത്തെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
തിരോധാനത്തിന് പിന്നില്‍ തീവ്രവാദബന്ധമോ?
ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടയിലാണ് ജസ്ന മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിച്ച് ജീവനോടെയുണ്ടെന്നൊക്കെയുള്ള ഊഹാപോഹം പരന്നത്. ക്രൈംബ്രാഞ്ചും സി.ബി.ഐയും അത് പൂര്‍ണമായി തള്ളുകയാണ്. ജെസ്നക്ക് ഒന്ന് രണ്ട് മുസ്ലിം സുഹൃത്തുക്കളുണ്ടായിരുന്നു. വീട്ടില്‍ നിന്ന് പോകുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ അവരേ ഫോണ്‍വിളിച്ചിട്ടുമുണ്ട്. ഈ ഫോണ്‍വിളി പരിശോധിച്ച് വരുന്നതിനിടെ അതില്‍ ഒരു സുഹൃത്തിന്റെ ബന്ധുവായ യുവാവ് ജെസ്നയെ കാണാതായതിന് രണ്ട് ദിവസം കഴിഞ്ഞ് നാട്ടില്‍ നിന്ന് പോയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പക്ഷെ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ ആ യുവാവ് വിദേശത്ത് ജോലിക്ക് പോയതായും ജെസ്നയുടെ തിരോധാനവുമായി ഒരു ബന്ധവുമില്ലെന്നും സ്ഥിരീകരിച്ചു. ഈ അന്വേഷണത്തെയാണ് പലരും മതപരിവര്‍ത്തനമെന്നും തീവ്രവാദബന്ധമെന്നുമൊക്കെ വളച്ചൊടിച്ചത്.
സി.ബി.ഐ അവസാനിപ്പിക്കുന്നത് എന്തുകൊണ്ട്?
രണ്ട് വര്‍ഷത്തോളം അന്വേഷിച്ചിട്ടും കൃത്യമായ ഒരു തെളിവ് പോയിട്ട് വിവരം പോലുമില്ലെന്നാണ് സി.ബി.ഐ പറയുന്നത്. വിദേശത്തുണ്ടോയെന്ന് അറിയാന്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ അതിന് പ്രതികരണമില്ല. രാജ്യത്തെ പ്രധാന മതപരിവര്‍ത്തനകേന്ദ്രങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. രാജ്യത്ത് കോവിഡ് വാക്സീന്‍ സ്വീകരിച്ചവരുടെ പട്ടികയില്‍ പോലും ജസ്നയില്ല. തെളിവ് കിട്ടാതെ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞാണ് സി.ബി.ഐ അവസാനിപ്പിക്കുന്നത്. അതോടെ ജെസ്ന മരിയ ജെയിംസ് എന്ന മലയാളി പെണ്‍കുട്ടി ഈ രാജ്യത്തിന് മുന്നില്‍ മരീചികയായി തുടരുന്നു.
Jesna missing case; deatailed case diary