സ്വര്‍ണത്തിന്‍റെ രൂപത്തിലും ഭാവത്തിലും വരെ കാതലായമാറ്റങ്ങള്‍ വരുത്തിയാണ് മാഫിയകളുടെ ന്യൂജെന്‍ കടത്ത്. സ്വര്‍ണത്തെ അരച്ച് കലക്കി പേസ്റ്റാക്കിയും നൂല്‍കനത്തിലേക്ക് ചുരുക്കിയും കടത്തിന് പാകപ്പെടുത്തിയെടുക്കാന്‍ പ്രത്യേക സംഗം തന്നെ പ്രവര്‍ത്തിക്കുന്നു. സ്വര്‍ണം തരിരൂപത്തിലും കുഴമ്പ് രൂപത്തിലുമാക്കി വസ്ത്രങ്ങളില്‍ തേച്ച്പിടിപ്പിച്ചുള്ള കടത്താണ് പുതിയ രീതി.
ആദ്യകാലത്ത് സ്വര്‍ണ ബിസ്കറ്റുകളായിരുന്നു. ഇവ എളുപ്പത്തില്‍ പിടിക്കപ്പെട്ട് തുടങ്ങിയതോടെ ചിന്തകള്‍ക്കൊപ്പം സ്വര്‍ണത്തിന്‍റെ കോലവും മാറി. കള്ളക്കടത്ത് ന്യൂജെന്‍ സംഘങ്ങള്‍ ഏറ്റെടുത്തതോടെ കണ്ണുവെട്ടിക്കാന്‍ സ്വര്‍ണത്തെ അടിച്ച് പരത്തിയും പേസ്റ്റാക്കിയും മെരുക്കിയെടുത്തു. മലദ്വാരത്തില്‍ ഒളിപ്പിച്ചു തന്നെയാണ് അന്നും ഇന്നും ഏറ്റവും കൂടുതല്‍ സ്വര്‍ണകടത്ത്. പണ്ട് ബിസ്കറ്റുകള്‍ തന്നെ ഇത്തരത്തില്‍ കടത്തി. ഇപ്പോള്‍ കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം ഗര്‍ഭനിരോധന ഉറകളില്‍ നിറച്ചാണ് കടത്ത്.
എങ്ങനെയാണ് സ്വര്‍ണം കടത്തേണ്ടതെന്ന് ഉറപ്പിക്കുകയാണ് ആദ്യഘട്ടം. ഇത് ഉറപ്പിച്ചാല്‍ അതിനുതകുന്ന പാകത്തിലേക്ക് സ്വര്‍ണവും മാറും. അടിവസ്ത്രത്തിലും ലഗേജ് കൊണ്ടുവരുന്ന ബോക്സുകള്‍ക്കുള്ളിലടക്കം തേച്ച് പിടിപ്പിക്കാവുന്ന രീതിയിലേക്കും സ്വര്‍ണം രൂപം മാറി. ഗ്രീസ്, കളിമണ്ണ് എന്നിവയുമായി ചേര്‍ത്ത് കുഴച്ചാണ് സ്വര്‍ണം ഈ രൂപത്തിലാക്കുന്നത്. ഇത്തരം മിശ്രിതങ്ങളില്‍ സ്വര്‍ണത്തിന്‍റെ അംശം 50 ശതമാനത്തില്‍ താഴെയാണെന്നതിനാല്‍ സ്കാനറുകളുടെ പോലും കണ്ണവെട്ടിക്കാം. ഈ മിശ്രിതം പിന്നീട് ഉരുക്കിയെടുത്ത് സ്വര്‍ണം വേര്‍തിരിക്കും.
New methods of gold Smuggling