വണ്ടിപ്പെരിയാറില്‍ പെണ്‍കുഞ്ഞ് പീഡിനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷം നിയമസഭയില്‍. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചകള്‍ പോക്സോ  കോടതി അക്കമിട്ട് നിരത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെയോ കുടുംബത്തിന്‍റെയോ രാഷ്ട്രീയ ചായ്‌വ് കേസുനടത്തിപ്പിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. 

 

കൊലപാതകം നടന്ന ദിവസം സംഭവസ്ഥലത്ത് പോയില്ല, ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചില്ല, പിന്നീട് ശേഖരിച്ചവ സീല്‍ചെയ്ത് സൂക്ഷിക്കുകപോലും ചെയ്തില്ല എന്നിവ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പോക്സോ കോടതി ചൂണ്ടിക്കാട്ടിയിട്ടുപോലും എന്താണ് നടപടി എടുക്കാത്തതെന്നാണ് പ്രതിപക്ഷം സഭയില്‍ചോദിച്ചത്. പ്രതിയും കുടുംബവും സിപിഎമ്മുകാരാണെന്നും പിതാവ് ലോക്കല്‍കമ്മറ്റി അംഗമാണെന്നും ഉള്ളതാണോ അന്വേഷണം വഴിതെറ്റാന്‍കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 

 

 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കുറ്റകൃത്യങ്ങളുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും കോടതിവിധി നിരാശാജനകമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണം. വിദേശവനിതയുടെ കൊലപാതകത്തില്‍ ഉണ്ടായതുപോലുള്ള പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ നിസ്സംഗതയില്‍പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ട് ഇറങ്ങിപ്പോയി.