robotic-surgery-07

അന്നനാളത്തില്‍ ഗുരുതര കാന്‍സര്‍ ബാധിച്ച ഏഴുപത്തിയഞ്ചുകാരിക്ക് എന്‍ഡോ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രോഗമുക്തി. കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലാണ് അന്നനാളം നീക്കം ചെയ്യാതെ അര്‍ബുദബാധ മാറ്റിയത്. എന്‍ഡോസ്കോപ്പിന്‍റെ സഹായത്തോടെ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നത് രാജ്യത്ത് ആദ്യമായാണെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.

 

ഒന്നരവര്‍ഷത്തോളം ജീവിതം ദുസഹമാക്കിയ വേദനകളില്‍ നിന്ന് ദേവകിയമ്മ മുക്തയായി. സംസാരശേഷിയും നഷ്ടമായില്ല. ഈ അമ്മയുടെ ഇനിയുള്ള കാത്തിരിപ്പ് ഇഷ്ട രുചികള്‍ ആസ്വദിക്കാനാണ്.  ദേവകിയമ്മയുടെ  അന്നനാളത്തിന്‍റെ തുടക്കഭാഗത്തായിരുന്നു അര്‍ബുദം. ഒന്നരവര്‍ഷത്തോളം കോയമ്പത്തൂരില്‍ ചികില്‍സ തേടി. ഇക്കഴിഞ്ഞ നവംബറിലാണ് ലേക് ഷോറിലെത്തുന്നത്. 

 

തൊണ്ടയും അന്നനാളവും നീക്കം ചെയ്ത ശേഷം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളി‍ല്‍ നിന്നെടുക്കുന്ന ടിഷ്യു കൊണ്ട് അന്നനാളം പുനര്‍നിര്‍മിക്കലാണ് സാധാരണരീതിയിലുള്ള ചികില്‍സ. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ശേഷിയും രോഗികള്‍ക്ക് നഷ്ടമാകും. ആ അവസ്ഥകള്‍ ഇല്ലാതാക്കാനാണ് ദേവകിയമ്മയില്‍ എന്‍ഡോ റോബോട്ടിക് സര്‍ജറി നടത്താന്‍ തീരുമാനിച്ചതും. അര്‍ബുദം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ബാധിക്കാതിരുന്നതും മറ്റ് രോഗങ്ങള്‍ ഇല്ലാതിരുന്നതും സഹായമായി. റോബോട്ടിന്‍റെ കൈകള്‍ എത്താന്‍ പറ്റാത്ത ഭാഗത്ത് ഗ്യാസ്ട്രോ എന്‍ഡോസ്കോപ്പിന്‍റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. 

 

ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി വിഭാഗം മേധാവി ഡോ ഷോണ്‍ ടി ജോസഫ് , മെഡിക്കല്‍ ഗ്യാസ്ട്രോഎന്‍ഡോളജി വിഭാഗം മേധാവി ഡോ റോയ് ജെ മുക്കട എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഏഴ് മണിക്കൂര്‍ നീണ്ടു ശസ്ത്രക്രിയ. രണ്ട് മാസത്തിനിപ്പുറം ദേവകിയമ്മ സ്മാര്‍ട്ടാണ്. ഒരു മാസം കൂടി കഴിഞ്ഞാല്‍ ട്യൂബ് നീക്ക് ചെയ്ത് ഭക്ഷണം കഴിച്ച് തുടങ്ങാമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.

 

Lakeshore Hospital performs world's first endo-robotic surgery, claims success