hina-khan-mucositis

കാന്‍സറുമായുള്ള പോരാട്ടത്തിനിടെ മ്യൂക്കോസിറ്റിസും പിടികൂടിയെന്ന് ബോളിവുഡ് താരം ഹിന ഖാന്‍. സമൂഹമാധ്യമത്തിലൂടെയാണ് താരം രോഗാവസ്ഥ പങ്കുവച്ചത്. കീമോ തെറപ്പിയുടെ അനന്തരഫലമായി വായിലും അന്നനാളത്തിലും പഴുപ്പോടു കൂടി വീക്കമുണ്ടാകുന്ന അവസ്ഥയാണ് മ്യൂക്കോസിറ്റിസ്. ഇതോടെ ഒന്നും  കഴിക്കാന്‍ വയ്യാത്ത സ്ഥിതിയാണെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും പരിഹാരം അറിയാമെങ്കില്‍ സഹായിക്കൂവെന്നും താരം കുറിച്ചു. 

'കീമോ തെറപ്പിയുടെ അടുത്ത അനന്തഫലമാണ് മ്യൂക്കോസിറ്റിസ്. അത് മാറുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ താന്‍ കഴിക്കുന്നുണ്ടെന്നും എന്നാല്‍ എന്തെങ്കിലും പൊടിക്കൈകള്‍ അറിയുന്നവര്‍ പറഞ്ഞ് സഹായിക്കൂ. ഒരു വകയും കഴിക്കാന്‍ പറ്റാത്തത് കഷ്ടമാണ്. ടിപ്സ് പറഞ്ഞു തന്നാല്‍ വലിയ സഹായ'മാകുമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

മാസങ്ങള്‍ക്ക് മുന്‍പാണ് സ്റ്റേജ് 3 സ്തനാര്‍ബുദം തന്നെ ബാധിച്ചതായി ഹിന വെളിപ്പെടുത്തിയത്. ചികില്‍സയുടെ ഭാഗമായി താരം കീമോ തെറപ്പിക്ക് വിധേയയായിരുന്നു. ചികില്‍സയുടെ വിവരങ്ങളടക്കം അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഹിന ഇപ്പോള്‍. നിശ്ചയദാര്‍ഢ്യത്തോടെ രോഗത്തെ അതിജീവിക്കുമെന്നും കൂടുതല്‍ കരുത്തയായി തിരികെ വരുമെന്നും ഹിന ജൂലൈയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Hina Khan diagnosed with mucositis amid breast cancer treatment. She shared a post on social media and requested fans to help her with remedies.