sfio-exalogic-07
  • പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയാക്കി
  • പരിശോധിച്ചത് സാമ്പത്തിക ഇടപാടുകളുടെ രേഖ
  • പണം നല്‍കിയത് സെബി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി

എക്സാലോജിക്കുമായുള്ള ദുരൂഹഇടപാടുകളില്‍ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ്, സിഎംആര്‍എല്‍ കമ്പനിയിലെ പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയാക്കി മടങ്ങി. സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ്  പ്രധാനമായും അന്വേഷണസംഘം പരിശോധിച്ചത്. സിഎംആര്‍എല്ലിന്‍റെ സാമ്പത്തിക സഹായം സ്വീകരിച്ചവരില്‍ നിന്നും അന്വേഷണസംഘം വരുംദിവസങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

സിഎംആര്‍എല്ലിലെ രണ്ട് ദിവസത്തെ പരിശോധനക്ക് ശേഷമാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ് ഉദ്യോഗസ്ഥനും, എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടറുമായ എം. അരുണ്‍പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്. കമ്പനിയിലെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചതിനൊപ്പം,  ഉദ്യോഗസ്ഥരില്‍ നിന്നും ഉടമകളില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയ പണം സംബന്ധിച്ച കണക്കുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചനകള്‍. എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും സംഘം ചോദിച്ചറിഞ്ഞു. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. സെബി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പലര്‍ക്കും പണം കറന്‍സിയായി നല്‍കിയെന്നതും അന്വേഷണത്തില്‍ വ്യക്തമായി.

 

കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരില്‍ നിന്നും അവരുടെ അവരുടെ ഓഫീസില്‍ നിന്നും വരും ദിവസങ്ങളില്‍ അന്വേഷണസംഘം വിവരശേഖരണം നടത്തും. സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള കെ.എസ്.ഐ.ഡി.സി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായുള്ള പരിശോധനകള്‍ തിരുവനന്തപുരത്തെ കെ.എസ്.ഐ.ഡി.സി ഹെഡ് ഓഫീസില്‍ വരുംദിവസങ്ങളില്‍ നടത്തും. ഇതോടൊപ്പം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായ വിവിധ വ്യക്തികളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കാനും എസ്.എഫ്.ഐ.ഒ തീരുമാനം എടുത്തതായാണ് വിവരം. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും ഇക്കാര്യങ്ങളിലെ തുടര്‍നടപടി.

 

SFIO begins probe in Exalogic case, collects primary data from CMRL