സിഎംആര്‍എല്‍, എക്സാലോജിക് ദുരൂഹസാമ്പത്തികയിടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ മൊഴിയെടുത്ത് എസ്എഫ്ഐഒ. അന്വേഷണം തുടങ്ങി ഒന്‍പതാം മാസത്തിലാണ് നിര്‍ണായക നീക്കം. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ വീണാവിജയനും അവരുടെ കമ്പനി എക്സാലോജിക്കും ഒന്നേമുക്കാല്‍ കോടി കൈപ്പറ്റിയത് സംബന്ധിച്ചാണ് എസ്എഫ്ഐഒ അന്വേഷണം. നേരത്തെ വീണയെ പ്രതിരോധിക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു മൊഴിയെടുപ്പില്‍ പാര്‍ട്ടി അഭിപ്രായം പറയേണ്ടതില്ലെന്ന്. അന്വേഷണം വീണയില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തുന്നതെന്നുമാണ് പരാതിക്കാരനായ ഷോണ്‍ ജോര്‍ജിന്‍റെയും ബിജെപിയുടെയും നിലപാട്. എന്നാല്‍ ഇതെല്ലാം വെറും നാടകമാണെന്നും കൃത്യമായ ഡീലുള്ളതിനാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും പറയുന്നു പ്രതിപക്ഷം.. എസ്എഫ്ഐഒ അന്വേഷണം വീണ വഴി വിജയനിലേക്കോ ?