കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭാരത് റൈസ്’പൊന്നി അരി തൃശൂരില്‍ വില്‍പന തുടങ്ങി. കിലോയ്ക്ക് 29 രൂപയാണ് വില. 5കിലോ ,10കിലോ പാക്കറ്റുകളാണ് ഇന്നലെ മണ്ണുത്തി, പട്ടിക്കാട്, ചുവന്ന മണ്ണ് ,പീച്ചി റോഡ് ഭാഗങ്ങളില്‍ വില്‍പന നടത്തിയത്. റേഷന്‍ കാര്‍ഡ് ഇല്ലാതെ അരിവാങ്ങാം. ഒരാള്‍ക്ക് ഒരു തവണ 10കിലോ വരെ ലഭിക്കും. 150 പാക്കറ്റുകളാണ് ഇന്നലെ വിറ്റുപോയത്.
കേന്ദ്ര ഭക്ഷ്യവകുപ്പിനു കീഴിലുള്ള നാഷനല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ , കേന്ദ്രകൃഷി മന്ത്രാലയത്തിനു കീഴിലുള്ള നാ ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്‌ല്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍ വഴിയുമാണ് കേരളത്തില്‍ ഭാരത് റൈസ് വിതരണം ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ജില്ലകളിലും അരിയെത്തിച്ച് വിതരണം തുടങ്ങുമെന്ന് എന്‍സിസിഎഫ് കൊച്ചി ശാഖാ മാനേജര്‍ സി കെ രാജന്‍ മനോരമയോട് പറഞ്ഞു. വിവിധ ജില്ലകളിലായി 200ഔട്ട്ലെറ്റുകളും തുടങ്ങും. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വഴിയും വില്‍പന നടത്തും. കേന്ദ്രപിന്തുണയുള്ള ഇ–കൊമേഴ്സ് ശൃംഖല ഒഎന്‍ഡിസിയിലും അരി ലഭിക്കും.
ഭാരത് അരി തിളച്ചുതുടങ്ങിയിട്ടും കേരള സര്‍ക്കാര്‍ അഞ്ചുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച കേരള റൈസ് പദ്ധതി എവിടെയും എത്തിയില്ല. കേരള റൈസ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടും ചെങ്ങന്നൂരും റൈസ് ടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിച്ച് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് അരി ഇറക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്ലാന്റിനു കരാര്‍ പോലുമായില്ല.
കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ 5ഏക്കര്‍ ഭൂമിയില്‍ 40 കോടിയുടെ റൈസ് ടെക്നോളജി പാര്‍ക്കിനു 2019ല്‍ കെട്ടിടനിര്‍മാണം ആരംഭിച്ചു. എന്നാല്‍ പ്ലാന്റിനും സംഭരണശാലയ്ക്കും 5 തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും യോഗ്യതയുള്ള കരാറുകാരെ കിട്ടിയില്ല. അതേസമയം ഏറ്റവുമൊടുവില്‍ വിളിച്ച ടെന്‍ഡറില്‍ കഞ്ചിക്കോട്ടെ റൈസ് ടെക്നോളജി പാര്‍ക്കിനു കരാറുകാരെ കിട്ടിയെന്നും പരിശോധന നടത്തിയ ശേഷം പ്ലാന്റ് നിര്‍മാണത്തിന് അനുമതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Bharath Rice reached at Thrissur, yet k rice is still declared