thripunithara-blast

പടക്കക്കടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിന്ന് നടുക്കം മാറാതെ സമീപവാസികള്‍. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായി. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയതെന്നും നാട്ടുകാര്‍ പറയുന്നു. 

ഇന്നലെ കേറിതാമസം കഴിഞ്ഞ വീടും സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്‍റെ ജനല്‍ ചില്ലകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വീടിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. 

സമീപ പ്രദേശത്തെ മിക്ക വീടുകളും മൊത്തം നശിച്ചു. ജനലുകളും വാതിലുകളുമെല്ലാം പൂര്‍ണമായി തകര്‍ന്നു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ലോണെടുത്ത് വച്ച വീടുകളാണ് ഭൂരിഭാഗവും. വീടിനുള്ളിലെ സാമഗ്രികള്‍ ഉപയോഗശൂന്യമായി. ആശ്രയിക്കാന്‍ പോലും ആരുമില്ലാത്ത നിരവധിയാളുകളാണ് ഈ പ്രദേശത്ത് കഴിയുന്നത്. ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സമീപവാസികള്‍.   

'എന്തു പറയാനാ ചേട്ടാ, വീട് മുഴുവന്‍ പോയി, ഭാഗ്യത്തിന് ആളുകള്‍ക്കൊന്നും പറ്റിയില്ല. തൊട്ടപ്പറുത്തുള്ള ഒരു വീട് ഇടിഞ്ഞു വീണു. നമ്മുടെ വീട് മുഴുവന്‍ ഇടിഞ്ഞു വീണു താമസിക്കാന്‍ കഴിയാത്ത രീതിയിലായിരിക്കുകയാണ്. അടുത്ത കോളനിയിലെ വീടുകളില്‍ പോലും നാശ നഷ്ടം ഉണ്ടായിട്ടുണ്ട്' സംഭവ സ്ഥലത്തുണ്ടായിരുന്ന കുട്ടി പറഞ്ഞു

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നിടത്താണ് അപകടം. വാഹനത്തിൽനിന്നു പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടം.