TAGS

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമരത്തില്‍ നിശ്ചലമായി സംസ്ഥാനത്തെ ഭൂരിഭാഗം കടകമ്പോളങ്ങളും. ചെറുകിട വ്യാപാരികളെ സംരക്ഷിണമെന്നതുള്‍പ്പെടേയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാരി സംരക്ഷണ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചാണ് സമരം. യാത്രയുടെ സമാപനം വൈകിട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കും.  

തിരുവനന്തപുരം നഗരത്തില്‍  ചാല, പാളയം, എംജി റോഡ് തുടങ്ങിയ ഇടങ്ങളിലുള്ള ഭൂരിഭാഗം കടകളും അടഞ്ഞ് കിടക്കുകയാണ്. കോഴിക്കോട് മിഠായിതെരുവ്, പാളയം തുടങ്ങി പ്രധാന വ്യാപാരകേന്ദ്രങ്ങളിലെല്ലാം കടകളും തുറന്നിട്ടില്ല. ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നില്ല. കൊച്ചിയിലും സ്ഥിതി സമാനം. അതേസമയം സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗത്തിന്‍റെ  കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപരങ്ങളെ നിയന്ത്രിച്ച് ചെറുകിട വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുക, ജി.എസ്.ടി പ്രശ്നങ്ങള്‍ പരിഹരിക്കുക, വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് രാജു അപ്സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് കടയടപ്പ് സമരം. കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്ര വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. ഇതിന് മുമ്പായി സമരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട  നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. 

kerala traders strike today shops closed