കേരളം മുഴുവൻ കുറച്ചു ദിവസമായി ഒരു കൊലയാളി ആനയ്ക്ക് പുറകേയാണ്. ബേലൂർ മഖ്ന എന്ന മോഴയാന. ഇപ്പോഴിതാ മറ്റൊരു മോഴ കൂടി മഖ്നക്കൊപ്പം കൂടി ദൗത്യസംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. കര്ണാടയിലെ കാടിളക്കിയാണ് ഇങ്ങു കേരളത്തിൽ ഒരാളുടെ ജീവനെടുത്തുള്ള മോഴയാനയുടെ കലിയാട്ടം. ഇത്രയ്ക്ക് കാടും നാടും വിറപ്പിക്കാൻ ആരാണ് ശരിക്കും ഈ മോഴകൾ?

 

ആനകളെ പൊതുവേ വേർതിരിക്കുന്നത് രണ്ട് വര്‍ഗമായാണ്. കൊമ്പനും പിന്നെ പിടിയും.എന്നാൽ ഇവ രണ്ടുമല്ലാതെ മൂന്നാമതൊരു വിഭാഗം കൂടി ആനകൾക്കിടയിൽ ഉണ്ട്. അവയാണ് മോഴയാനകൾ. ശരീരപ്രകൃതികൊണ്ടു കൊമ്പില്ലാത്ത ആണാനകൾക്ക് പൊതുവേ പറയുന്ന പേരാണ് മഖ്ന എലിഫന്‍റ് അഥവാ മോഴയാനകൾ. എന്നാല്‍ ഇവയില്‍ 99 ശതമാനവും ആണാനകള്‍ തന്നെയെങ്കിലും അപൂര്‍വമായി ആണും പെണ്ണും അല്ലാത്തവയും ഉണ്ടായേക്കാം.

കൊമ്പില്ലെന്ന് കരുതി വമ്പു കുറയുമെന്ന് വിചാരിക്കരുത്. കൊമ്പന്മാരെക്കാൾ പാവങ്ങളാണ് മോഴകൾ എന്നും കരുതിയെങ്കിൽ തെറ്റി.കൊമ്പന്മാരെക്കാൾ വീറും വാശിയും ശക്തിയും താരതമ്യേന കൂടുതലാണ് മോഴകൾക്ക്‌ എന്നാണ് പറയപ്പെടുന്നത്.

 

കൊമ്പിന്‍റെ ഒരു കുറവൊഴിച്ചാൽ ആണാനയുടെ അതേ പ്രകൃതം.എന്നാൽ പലപ്പോഴും കൊമ്പനെക്കാൾ ഒരുപടി മുൻപിൽ.4 കൊമ്പന്മാർക്കു തുല്യം ഒരു മോഴ എന്നൊക്കെ അതിശയോക്തി കലർത്തി പറയുന്ന ആന വിദഗ്ധമാർ പോലുമുണ്ട്. ഇങ്ങനെ പറയാന്‍ കാരണവുമുണ്ട്.  കൊമ്പില്ലാത്തതുകൊണ്ട് കാട്ടില്‍ കൊമ്പനാനകള്‍ക്കുള്ളത്ര ജീവന് ഭീഷണി മോഴകള്‍ക്കില്ല. കൊമ്പിന് വേണ്ടി ആരും വേട്ടയാടില്ല എന്നത് തന്നെ കാരണം. അതുകൊണ്ട് കൂടുതല്‍ വംശവര്‍ധന നടത്താനും പരമാവധി ആയുസ്സ് വരെ ജീവിച്ചിരിക്കാനും ഇവയ്ക്ക് അവസരം ലഭിക്കുന്നു. ആനയുടെ സ്വാഭാവികതയോടെ ജീവിക്കാന്‍ അവസരം കൂടുതല്‍ ലഭിക്കുന്നതുകൊണ്ടോ ശാരീരികമായ എതെങ്കിലും ഒരു കുറവിനെ മറ്റെവിടെയെങ്കിലും പ്രകൃതി തന്നെ ബാലന്‍സ് ചെയ്യുന്നതുകൊണ്ടോ എന്തോ  ആരോഗ്യം കൊണ്ടും ചങ്കൂറ്റം കൊണ്ടും കാടിന്‍റെ കരുത്ത്  മുഴുവൻ ശരീരത്തിൽ അവാഹിക്കാന്‍ പലപ്പോഴും ഇവയ്ക്ക് സാധിക്കാറുണ്ട്.. അതുകൊണ്ടുതന്നെ പിടിച്ച് മെരുക്കാനും വരുതിയിലാക്കാനും ഏറെ പ്രയാസം. അത്ര പെട്ടെന്നൊന്നും ഒരു മയക്കുവെടിക്കും പിടിതരില്ല എന്ന് മുൻ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

 

ഏഷ്യയിൽ ഏറ്റവും കൂടുതൽ മോഴയാനകൾ ഉളളത് ശ്രീലങ്കയിൽ ആണ്. ഇന്ത്യയിലും ധാരാളം മോഴകൾ ഉണ്ട്.കേരളത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 89 ശതമാനം കൊമ്പന്മാർക്കു 11 ശതമാനം മോഴകൾ എന്നതാണ് അനുപാതം. കാഴ്ചയിൽ പിടിയാനകൾ എന്ന് തോന്നുന്നത് തന്നെയാണ് മോഴയനകളുടെ കണക്കെടുപ്പിന്‍റെ കൃത്യതയ്ക്ക് വലിയൊരു വെല്ലുവിളി. ശ്രീലങ്കയിൽ  ആകെയുള്ള ആനകളിൽ വലിയ പങ്കും കൊമ്പില്ലാ കൊമ്പന്മാരാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.കേരളത്തിൽ 2017ലെ കണക്കുപ്രകാരം ഇവയുടെ അനുപാതം 1:3.4 ആയിരുന്നെങ്കിൽ പിന്നീട് ഈ അനുപാതത്തിന് കുറവ് സംഭവിച്ചു.എങ്കിലും ഏകദേശം 40ഓളം മോഴകൾ കേരളത്തിലെ നാട്ടാനകള്‍ക്കിടയില്‍ ഉണ്ടെന്ന് കരുതാം.

 

കാടും നാടും വിറപ്പിച്ചവർ, പേരുകേട്ടവർ,മനുഷ്യജീവൻ കാൽച്ചുവട്ടിൽ ഞെരിച്ചു കളഞ്ഞവർ, ആനപ്രേമികളുടെ വീരനായകർ ഒക്കെയുമുണ്ട് മോഴയാനകളിൽ.ഇവരിൽ ചിലരിപ്പോൾ നാടിളക്കിയ തേരോട്ടം മതിയാക്കി ആനക്യാംപുകളിൽ സമാധാന ജീവിതം നയിക്കുകയുമാണ്. ഇന്ത്യയിലെ  ഏറ്റവും കുപ്രസിദ്ധനായൊരു മോഴയാനയായിരുന്നു മുതുമല മൂർത്തി. 23ലേറെ ജീവനുകൾ മൂർത്തി അപഹരിച്ചുണ്ടെന്നാണ് അപഖ്യാതി. താപ്പാനകളിൽ തന്നെ ഏറ്റവും പേരു കേട്ട കൊമ്പനായ ആനമല കലീമിനെപ്പോലും വിറപ്പിച്ച  മുതുമല മൂർത്തി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മുതുമലയിലെ ആന ക്യാംപില്‍ ചരിഞ്ഞത്. മറ്റൊരു മോഴയാനയായ ബുള്ളറ്റ് മോഴയും ചില്ലറക്കാരനായിരുന്നില്ല. കടൈക്കച്ചാൽ ഗണേശൻ, അക്കരമേൽ മോഹനൻ, പുതുപ്പള്ളി അർജുനൻ, ഓലമ്പാടി ഭദ്രൻ, ലിബർട്ടി ഉണ്ണിക്കുട്ടൻ, പുല്ലാട്ട് കർണൻ, വിഷ്ണുലോകം രാജസേനൻ പിന്നെ ഗുരുവായൂർ ദേവസ്വത്തിനു കീഴിലുള്ള ബാലക്ഷ്ണൻ ഇവരൊക്കെ കേരളത്തിലെ പേരുകേട്ട മോഴയാനകൾ ആണ്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴെ നേരത്തെയുണ്ടായിരുന്ന ലക്ഷ്മണന്‍ എന്ന മോഴ ചരിഞ്ഞതോടെ ബാലകൃഷ്ണന്‍ മാത്രമാണ് മോഴയാനയായി ഇപ്പോള്‍ അവശേഷിക്കുന്നത്.

 

കൊമ്പനെപ്പോലെ തന്നെയാണ് മോഴകളുടെ ശാരീരിക മാറ്റങ്ങൾ എല്ലാം.3ഓ 6ഓ മാസം വരെയാണ് മദപ്പാട്‌.പ്രത്യുൽപ്പാദന ശേഷിയിലും ഇവ മുൻപിൽ തന്നെയാണ്. മോഴയനകൾക്ക്  ജനിക്കുന്ന കുട്ടികൾ മോഴകൾ തന്നെ അകണമെന്നും യാതൊരു നിർബന്ധവും ഇല്ല. കേരളത്തിൽ പൂരങ്ങൾക്കും മറ്റുമാണ്‌ ആനകളെ കൂടുതൽ ഉപയോഗിക്കുന്നത് എന്നതിനാൽ കൊമ്പില്ലാത്ത ഈ വമ്പന്മാർ നേരത്തെ അവഗണിക്കപ്പെടാറായിരുന്നു പതിവ് .അതുകൊണ്ട് കരുത്തരായ ഈ ആനകളെ കൂടുതലും തടിപ്പണികൾക്കാണ് ഉപയോഗിക്കാറ്. ജീവിതകാലം മുഴുവന്‍ തടിക്കൂപ്പുകളിലും എസ്റ്റേറ്റുകളിലും എല്ലുമുറിയെ പണിയെടുത്ത് കഴിയാനായിരുന്നു അവയുടെ വിധി. എന്നാലിപ്പോള്‍ ആനകളുടെ എണ്ണം കുറഞ്ഞതോടെ ഉല്‍സവങ്ങള്‍ക്കു മോഴകളെ കിട്ടിയാലും മതി എന്ന അവസ്ഥ വന്നു. പക്ഷേ പട്ടാഭിഷേകം സിനിമയിലെപ്പോലെ ഡ്യൂപ്ലിക്കേറ്റ് കൊമ്പുവച്ച് പിടിപ്പിച്ചാണ് ഉല്‍സവങ്ങള്‍ക്ക് മോഴകളെ എഴുന്നള്ളിപ്പിക്കാറ്. പിടിയാനകളെപ്പോലെ വളര്‍ന്നുനില്‍ക്കുന്ന ഇവയുടെ തേറ്റകളോട് ചേര്‍ത്താണ് ഈ ഫൈബര്‍ കൊമ്പുകള്‍ പിടിപ്പിക്കുക. അതേസമയം മോഴയാനകൾക്ക് ചാർത്തിക്കൊടുക്കുന്ന അധിക വിശേഷണങ്ങൾ എല്ലാ മോഴകൾക്കും ഇല്ലെന്നും ഈ രംഗത്തെ വിദഗ്ധരിൽ ചിലർ നിരീക്ഷിക്കുന്നുണ്ട്. കൊമ്പന്മാരെ പോലെ തന്നെ കൂടിയവരും കുറഞ്ഞവരുമൊക്കെ മോഴകളിലും ഉണ്ടെന്ന് സാരം.

 

ചാർത്തിക്കിട്ടിയ വിശേഷണങ്ങൾ എന്തുമാവട്ടെ.കൊമ്പന്മാർ മാത്രമല്ല വമ്പന്മാർ എന്നതാണ് ചുരുക്കം. കൊമ്പുള്ള ആനയെ കാണുമ്പോഴുള്ള ഭയം പിടിയാനയെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന മോഴകളെ കാണുമ്പോള്‍ തോന്നാന്‍ ഇടയില്ലാത്തതും  അപകടസാധ്യത കൂട്ടുന്നു. കൊമ്പില്ലെന്നു കരുതി അത്ര കരുതലില്ലാതെ മുന്നിൽപ്പെട്ടാൽ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ല എന്ന് സാരം.