മലപ്പുറം വെറ്റിലപ്പാറ കൂരങ്കല്ലിലെ കിണറ്റിൽ വീണ കാട്ടാനയെ 20 മണിക്കൂറിനു ശേഷം കരകയറ്റി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് രക്ഷാദൗത്യം മണിക്കൂറുകൾ നീണ്ടുപോയത്. ആന വീണ കിണറിന്റെ ഉടമയ്ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രദേശത്ത് തൂക്കു വൈദ്യുതവേലി നിർമിക്കാൻ ഒരു കോടി അനുവദിക്കുമെന്നും ജില്ലാ ഭരണകൂടം നൽകിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പുലർച്ചെ ഒരു മണിയോടെയാണ് അട്ടറമാക്കൽ സണ്ണിയുടെ വീടിനോട് ചേർന്ന കിണറ്റിൽ ഒറ്റയാൻ വീണത്. ആനയെ കര കരകയറ്റാൻ മണ്ണുമാന്തിയന്ത്രവുമായി വനം ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. കാട്ടാനയെ കിണറ്റിൽ നിന്നു കയറ്റി തൊട്ടടുത്ത വനമേഖലയിലേക്ക് ഓടിക്കാൻ അനുവദിക്കില്ലെന്നും മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ ഉൾവനത്തിൽ തുറന്നു വിടണമെന്നായിരുന്നു ആവശ്യം. രാഷ്ട്രീയ നേതാക്കൾ കൂടി പിന്തുണയുമായി എത്തിയതോടെ സമവായം മണിക്കൂറുകൾ നീണ്ടു.
കാട്ടുകൊമ്പന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച വിദഗ്ധ സംഘം മയക്കുവെടിവയ്ക്കാൻ കഴിയില്ലെന്ന് അറിയിച്ചു. കാട്ടാനകിണറ്റിൽ വീണ മാട്ടറയ്ക്കൽ സണ്ണിക്ക് ഒന്നര ലക്ഷം രൂപ വനംവകുപ്പ് കൈമാറും. സമവായത്തിന്റെ ഭാഗമായി നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
എട്ടരയോടെ മണ്ണുമാന്തി യന്ത്രമടക്കം എത്തിച്ച് ആനയെ കരകയ്ക്കുകയറ്റാനുള്ള ദൗത്യം തുടങ്ങി. കിണറിന്റെ ഒരു ഭാഗം ഇടിച്ച് ആനയ്ക്ക് വഴിയൊരുക്കി. അവശനിലയിലായിരുന്നെങ്കിലും പുറത്തുകടക്കാനുള്ള ശ്രമം ആനയും തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ മണിക്കുറുകള്‍ക്ക് ശേഷം ആനയെ കരയ്ക്കു കയറ്റി. ആന ഉള്‍കാട്ടിലേക്ക് പോയില്ലെങ്കില്‍ കുങ്കി ആനകളെ എത്തിക്കാനാണ് തീരുമാനം