aluva-manappuram

ശിവരാത്രി മഹോത്സവത്തിന് അഖിലേന്ത്യാ പ്രദർശനത്തിനായി ആലുവ മണപ്പുറം അനുവദിച്ച കരാറിൽ ഇടപെടലുമായി ഹൈക്കോടതി. ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകിയത് ഹൈക്കോടതി റദ്ദാക്കി. കരാറിൽ അഴിമതി സംശയിക്കുന്നതിനാൽ നഗരസഭക്കും ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.

 

ആലുവ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അഖിലേന്ത്യ എക്സിബിഷൻ നടത്താൻ ഒരു കോടി പതിനാറ് ലക്ഷം രൂപക്ക് ടെൻഡർ നേടിയത് കൊല്ലം സ്വദേശി ആദിൽ ഷാ ആയിരുന്നു. ഫെബ്രുവരി 5ന് ടെൻഡർ തുക ആലുവ നഗരസഭയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ തുക കൃത്യ സമയത്ത്  നൽകിയില്ല എന്ന വിചിത്ര വാദമുന്നയിച്ച് പിറ്റേ ദിവസം കരാർ ബെംഗളുരു ആസ്ഥാനമായ കമ്പനിക്ക് കൈമാറി. ആദിൽഷ കരാർ നേടിയ തുകയേക്കാൾ 39 ലക്ഷം രൂപ കുറച്ച് 77 ലക്ഷത്തിനായിരുന്നു പുതിയ കരാർ.  തുടർന്നാണ് ആദിൽ ഷാ ഹൈക്കോടതിയെ സമീപിച്ചത്.

 

ഹർജിക്കാരൻ നൽകിയ ചെക്കുകൾ കൃത്യസമയത്ത് ബാങ്കിൽ നൽകാതെ നഗരസഭയുടെ അക്കൗണ്ടിലേക്ക് പണം എത്തുന്നത് വൈകിപ്പിച്ചതായി കോടതി കണ്ടെത്തി. തുടർന്നാണ് പണം കൃത്യമായി നൽകിയില്ല എന്നതിന്റെ പേരിൽ കരാർ മറ്റൊരു കമ്പനിക്ക് നൽകിയത്. ഇതിൽ അഴിമതി സംശയിക്കുന്നതായി വ്യക്തമാക്കിയാണ് പുതിയ കരാർ  ഹൈക്കോടതി റദ്ദാക്കിയത്. വിഷയത്തിൽ  നഗരസഭക്കും ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം നടത്താൻ സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. അഴിമതി കണ്ടെത്തിയാൽ ക്രിമിനൽ പ്രോസിക്യൂഷൻ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ഈ മാസം 20ന് മുമ്പ് കരാർ  ആദില്‍ ഷായ്ക്ക്  നല്‍കണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

All india exhibition at aluva manappuram follow up