പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ കടമ്പകള്‍ അനവധി. പുതിയ രീതിയിലുള്ള ടെസ്റ്റ് നടത്താനോ പരിശീലിക്കാനോ സൗകര്യങ്ങളുള്ള ഒരു ഗ്രൗണ്ടും കേരളത്തിലില്ല. രണ്ട് മാസത്തിനകം സൗകര്യങ്ങള്‍ ഒരുക്കുക ഡ്രൈവിങ് സ്കൂളുകള്‍ക്ക് മാത്രമല്ല മോട്ടോര്‍ വാഹന വകുപ്പിനും വെല്ലുവിളിയാകും. ടെസ്റ്റ് എടുക്കുന്നവരുടെ എണ്ണം മുപ്പതായി നിജപ്പെടുത്തിയതിലും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഒഴിവാക്കുന്നതിലും നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഡ്രൈവിംഗ് സ്കൂളുകാര്‍ ചൂണ്ടിക്കാട്ടുന്നു.  

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയിട്ട ഓട്ടോമാറ്റിക് വാഹനങ്ങള്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് തിരുവനന്തപുരത്ത് ഇരുപത്തിയഞ്ചിലേറെ വര്‍ഷമായി ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ഉണ്ണിക്കൃഷ്ണന്‍ നായര്‍. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് എടുക്കുന്നവരുെട എണ്ണം 30 ആക്കി ചുരുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. 

മോട്ടോര്‍ വാഹന വകുപ്പിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഇവയേക്കാള്‍ വലുതാണ്. പരിഷ്കരിച്ച രീതിക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള സ്ഥലം പല ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലും ഇല്ല. ഇവയ്ക്ക് പകരം പുതിയ ഗ്രൗണ്ട് കണ്ടെത്തണം. വാടക സ്ഥലങ്ങളിലും സര്‍ക്കാര്‍ പുറമ്പോക്കുകളിലും പ്രവര്‍ത്തിക്കുന്ന ടെസ്റ്റ് ഗ്രൗണ്ടുകളില്‍ പുതിയ സൗകര്യങ്ങള്‍ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും കീറാമുട്ടിയാകും. ഈ കടമ്പകളെല്ലാം മറികടന്ന് മേയ് 1ന് പരിഷ്കരിച്ച സമ്പ്രദായം പ്രാബല്യത്തില്‍ വരുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Many hurdles to implementing the revised driving test system