ഒരേ സ്ഥാനാർഥിയുടെ പേരിൽ ആയിരത്തിലധികം പോസ്റ്ററുകൾ പതിക്കുന്നത് എന്തിനെന്ന് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗീസ്. തൃശൂർ നഗരത്തിലെ പൊതു ഇടങ്ങളിൽ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് മേയർ ജില്ലാ കലക്ടറോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. സ്വതന്ത്രനായ മേയറുടെ പിൻതുണയോടെ എല്‍.ഡി.എഫാണ് തൃശൂർ കോർപ്പറേഷൻ ഭരിക്കുന്നത്.
ലോക്‌സഭാ തിരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടിരിക്കെയാണ് മുന്നണികൾക്ക് മേയറുടെ വക പ്രഹരം. നഗരത്തിൽ പൊതു ഇടങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതിനെതിരെ മേയർ കലക്ടറർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കും കത്ത് നൽകിയിട്ടുണ്ട്. എം.ജി റോഡ്, എം.ഒ റോഡ്, സ്വരാജ് റൗണ്ട്, ശക്തൻ നഗർ തുടങ്ങീ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബാനറുകളും വെച്ച് മലിനമാക്കുന്നു എന്നാണ് മേയറുടെ പരാതി. പോസ്റ്റർ പ്രചരണത്തിനെതിരെ നടപടി വേണമെന്നും ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും മേയര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കോർപ്പറേഷൻ പണം വാങ്ങി പരസ്യം അനുവദിച്ചിടത്തുപോലും പോസ്റ്റർ പതിച്ചെന്നും സ്ഥാനാർഥികളുടെ പേരിൽ ഇത്രയധികം പോസ്റ്ററുകൾ എന്തിനാണെന്നും മേയർ ചോദിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ വിഷയം ധരിപ്പിക്കുമെന്നും പതിച്ച പോസ്റ്ററുകൾ പാർട്ടി നേതൃത്വം ഇടപെട്ട് സ്വമേധയാ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം അധികൃതർ നേരിട്ടത്തി നീക്കുമെന്നും പറഞ്ഞ മേയര്‍ കോർപ്പറേഷന്റെ നഗര സൗന്ദര്യ കാഴ്ചപ്പാടുകൾക്ക് പാർട്ടി പ്രവർത്തകരുടെ സഹകരണം കൂടി ആവശ്യപ്പെട്ടു.
Why more than a thousand posters in the name of one candidate?; Mayor of Thrissur