രോഗബാധയുടെയും അതിജീവനത്തിന്‍റെയും കഥ പറഞ്ഞ് നടിയും മോഡലുമായ ഷോൺ റോമി. 2024 അതിജീവനത്തിന്റെ വർഷമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ചർമത്തെ ബാധിച്ച രോഗവും പിന്നീട് നേരിട്ട ബുദ്ധിമുട്ടുകളുമാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഷോൺ റോമി രോഗത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് ഷോൺ റോമി പ്രേക്ഷകശ്രദ്ധ നേടിയത്.
ഷോണ്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'2024 എന്നെ സംബന്ധിച്ചടത്തോളം കുറച്ച് ‘വൈൽഡ്’ ആയിരുന്നു. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥ കൈവിട്ടുപോയ സാഹചര്യമായിരുന്നു. ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു, മറ്റുചിലതെല്ലാം ദൈവത്തെയും ഏൽപ്പിച്ചു. എന്റെ ബെസ്റ്റിയുമായി ഒത്തുചേർന്നു. അവളെ ദൈവം എന്നിലേക്കെത്തിച്ചതാണ്. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു. ഇതൊരു ഘട്ടം മാത്രമാണ്. എന്റെ തലമുടിയിഴകൾ ഒരുമാസത്തിനുള്ളിൽ തിരികെവരും എന്നവൾ പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചു'.
'എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നത് ഞാൻ ഓർക്കുന്നു. ഓഗസ്റ്റ് മുതൽ ഇങ്ങോട്ട് എല്ലാ മാസവും ഓരോന്ന് വീതവും. വർക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാൻ ഭയന്നിരുന്നു. ശക്തമായി എന്തുതന്നെ ചെയ്താലും, ഉടനെ ആർത്തവം ആരംഭിച്ചിരുന്നു. എനിക്ക് എല്ലാത്തിന്‍റെയും വേഗത കുറയ്ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയതും ജീവിതത്തിന്‍റെ തിരക്കുകളെല്ലാം ഒഴിവാക്കി, വേഗത കുറച്ചുളള മുന്നോട്ടുപോക്ക് എന്നെ ഒരുപാട് സഹായിച്ചു. ഞാൻ എന്താവണം എന്ന് ഞാൻ ആഗ്രഹിച്ചതിനു വിപരീതമായി, ഞാൻ ആരെന്നതുമായി ഇഴുകിച്ചേരാൻ ആരംഭിച്ചതും സുഖപ്പെടാൻ ആരംഭിച്ചു. 2024 പവിത്രവും, ശക്തവും, പരിവർത്തിതവുമായിരുന്നു. ചിലതെല്ലാം അറിയാതിരിക്കുന്നതിലും, നിയന്ത്രിക്കപ്പെടാതിരുന്നതിലും ഞാൻ ആശ്വാസം കണ്ടെത്തി'...എന്നായിരുന്നു ഷോണ്‍ വിഡിയോക്കൊപ്പം കുറിച്ചത്.