chinjurani

ഗവര്‍ണര്‍ വി.സിയെ പുറത്താക്കിയതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. വിശദീകരണം ചോദിക്കാതെ പുറത്താക്കിയത് മര്യാദയായില്ലെന്ന് വി.സിയും പ്രതികരിച്ചു. വി.സിമാരുടെ റാങ്ക് പട്ടികയിലെ രണ്ടാമനെ താല്‍ക്കാലിക വി.സിയാക്കി ഗവര്‍ണര്‍ ഉടനെ ജോയിന്‍ ചെയ്യിപ്പിച്ചു.  പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി.സിയെ എം.ആര്‍.ശശീന്ദ്രനാഥിനെ പുറത്താക്കിയതിനോട് മന്ത്രി ജെ.ചിഞ്ചുറാണി വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രശ്നമുണ്ടാക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിനിടെയുണ്ടായ ഗവര്‍ണറുടെ തീരുമാനത്തോട് യോജിപ്പില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി ആലപ്പുഴയില്‍ വ്യക്തമാക്കി.

അതേസമയം, വിശദീകരണം പോലും ചോദിക്കാതെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് വി.സി.ഡോക്ടര്‍ എം.ആര്‍.ശശീന്ദ്രനാഥ് പ്രതികരിച്ചു. നിയമനടപടിയ്ക്കു പോകുന്നില്ല. പൂക്കോട്ടെ പ്രശ്നങ്ങള്‍ക്കു കാരണം വിദ്യാര്‍ഥി സംഘടനയുടെ ധാര്‍ഷ്ട്യമെന്നും അദ്ദേഹം പ്രതികരിച്ചു.

വി.സിയെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉടനെ താല്‍ക്കാലിക വി.സിയെയും നിയോഗിച്ചു. വി.സിമാരുടെ റാങ്ക് പട്ടികയില്‍ രണ്ടാമനെയാണ് താല്‍ക്കാലിക വി.സിയായി നിയോഗിച്ചത്. മണ്ണുത്തി വെറ്ററിനറി കോളജിലെ വി.സിയുടെ ഓഫിസില്‍ എത്തി താല്‍ക്കാലിക വി.സി. ഡോക്ടര്‍ പി.സി.ശശീന്ദ്രനാഥ് ചുമതലയേറ്റു.  തിങ്കളാഴ്ച പൂക്കോട് സര്‍വകലാശാലയില്‍ എത്തി താല്‍ക്കാലിക വി.സി. വിശദമായ അന്വേഷണം നടത്തും. 

Minister J Chinchurani against suspension of vc