കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചതിന് നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംസ്ഥാന പ്രസിഡന്റ് അനുശ്രീക്കും ജോയിന്റ് സെക്രട്ടറി അഫ്സലിനും സ്റ്റഷനില്‍ ഹാജരാകാന്‍ നോട്ടിസ് നല്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സംസ്കൃത വിഭാഗം പരിപാടിയിൽ ഗവർണർ സംസാരിക്കുന്നതിനിടെ സെനറ്റ് ഹാളിന് പുറത്ത് എസ്.എഫ്.ഐ പ്രതിഷേധം. സെനറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും, യൂണിറ്റ് ഭാരവാഹികളെ സത്യപ്രതിഞ്ജ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. ഗേറ്റിന് പുറത്ത് പ്രകടനം പൊലീസ് തടഞ്ഞെങ്കിലും, പ്രവർത്തകർ പിന്മാറാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് അകത്തുകയറിയ പ്രവർത്തകരാണ് സെനറ്റ് ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
രണ്ടര വർഷത്തിനുശേഷമാണ് സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണർ കേരള സർവകലാശാല ആസ്ഥാനത്തെത്തിയത്. ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ ചടങ്ങിന് കയറിയതിന് പിന്നാലെയാണ് എസ്.എഫ്.ഐ പ്രതിഷേധ പ്രകടനമായി എത്തിയത്.
സുരക്ഷയ്ക്കായി സെനറ്റ് ഹാളിന് അകത്തും പുറത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചെങ്കിലും പ്രതിഷേധം പ്രധാന കവാടം മറികടന്ന് സെനറ്റ് ഹാളിന് അരികിലെത്തി. ഹാളിനുള്ളിൽ എസ്.എഫ്.ഐക്കാർ ഉണ്ടെന്ന നിഗമനത്തിൽ വാതിലുകളും ജനലുകളും പൊലീസ് അടച്ചുപൂട്ടി. സർവകലാശാല ചുമതലകളിൽ നിന്ന് ഗവർണർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.