sivankutty

പാലക്കാട് ഒലവക്കോട് റെയിൽവേ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിക്കാത്തത് തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ പ്രിൻസിപ്പലിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. അനീതി മനോരമ ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.

ഫിസിക്സ് പരീക്ഷ എഴുതാന്‍ കുട്ടിക്ക് താല്‍പര്യമില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചുവെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. ഈ നിലപാട് വിദ്യാര്‍ഥിയും രക്ഷിതാവും നിഷേധിച്ചെന്നും സേ പരീക്ഷ എഴുതാന്‍ പറഞ്ഞത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ലളിതമായി പരിഹരിക്കേണ്ട വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടത് ഗൗരവത്തോടെയല്ല. വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ അധ്യാപകരുടേത് ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒലവക്കോടുണ്ടായത് തെറ്റായ കാര്യമെന്ന് വിദ്യാഭ്യാസമന്ത്രി. ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ലെന്നും ശിവൻകുട്ടി.

വിദ്യാര്‍ഥിയോട് അധികൃതര്‍ കാട്ടിയ അനീതി ചൂണ്ടിക്കാട്ടിയത് മനോരമ ന്യൂസാണ്. വിജയ ശതമാനം നൂറിലേക്കെത്തിക്കാനായിരുന്നു സ്കൂൾ അധികൃതരുടെ ശ്രമം. പഠിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നു എന്ന പേരിൽ ജൂണിലെ സേ പരീക്ഷ എഴുതാൻ നിർബന്ധിക്കുകയായിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ടും ഈ വിഷയം അന്വേഷിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

Palakkad school scandal investigation reveals principals negligence in students exam