പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യക്കമ്പനിക്കായി സിപിഐയുടെ പിന്തുണ തേടാന്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷിന്‍റെ ശ്രമം. എം.എന്‍.സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട അദ്ദേഹം പദ്ധതി കൊണ്ട് ജലദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് അറിയിച്ചു. പദ്ധതിയെ ബിനോയ് വിശ്വം എതിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കുമെന്നുമായിരുന്നു പാലക്കാട് ജില്ലാസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ 'മദ്യനിര്‍മാണശാല' ദോഷം ചെയ്യുമെന്നായിരുന്നു പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്. കുടിവെള്ളം മുട്ടുമെന്നത് കള്ളപ്രചാരവേലയാമെന്നും പദ്ധതി ആശങ്കകള്‍ പരിഹരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റിനും ബ്രൂവറിക്കുമായി തിടുക്കപ്പെട്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഒന്നാം ഘട്ടത്തില്‍ വിദേശമദ്യ ബോട്ട്‌ലിങ് യൂണിറ്റ് സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ എഥനോളും മൂന്നാംഘട്ടത്തില്‍ മാള്‍ട്ട് സ്പിരിറ്റും നിര്‍മിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നാലാംഘട്ടമായാകും ബ്രൂവറി സ്ഥാപിക്കുകയെന്നും ഉത്തരവ് വിശദീകരിക്കുന്നു. 600 കോടി രൂപയാണ് ബ്രൂവറിക്കായുള്ള മുതല്‍മുടക്ക്. 2023–24 ലെ മദ്യനയം അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിയത്.