മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കാണാതായ രേഖകൾ പുനർനിർമിച്ചാലും വിചാരണ വൈകും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുന്ന സാഹചര്യത്തിലാണ് അഭിമന്യു വധകേസിന്റെ വിചാരണ വൈകുക. കാണാതായ രേഖകൾ പുനർനിർമ്മിക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും
അഭിമന്യു കൊലക്കേസിന്റെ രേഖകൾ കാണാതായ വിവരം കഴിഞ്ഞ വർഷം ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ഹൈക്കോടതിയെ അറിയിക്കുന്നത്. തുടർന്ന് രേഖകൾ പുനർനിർമ്മിക്കാൻ ഹൈക്കോടതി സെഷൻസ് കോടതിക്ക് നിർദേശം നൽകിയിരുന്നു. വിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അടക്കമുള്ള 11 രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ്റെ കൈവശമുണ്ട്. അതുകൊണ്ടുതന്നെ 18ന് വിഷയം പരിഗണിക്കുമ്പോൾ രേഖകൾ പുനർനിർമിക്കാം എന്ന കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് രേഖകൾ പുനർ നിർമ്മിക്കുന്നത് എന്നതുകൊണ്ട് തന്നെ പ്രതിഭാഗത്തിന് ഇക്കാര്യത്തിൽ എതിർപ്പുണ്ടാകാൻ സാധ്യത കുറവാണ്. എങ്കിലും രേഖകൾ എങ്ങനെ നഷ്ടപ്പെട്ടു എന്ന് വിഷയത്തിൽ അന്വേഷണം നടത്തേണ്ടി വരും.
രേഖകൾ പുനർ നിർമ്മിച്ചാലും കേസിന്റെ വിചാരണ അടുത്തൊന്നും തുടങ്ങില്ല. നിയമമനുസരിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് വിചാരണ നടത്താനുള്ള അധികാരം. നിലവിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ തുടരുകയാണ്. ഈ കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശവുമുണ്ട്. അതുകൊണ്ടുതന്നെ നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ പൂർത്തിയായ ശേഷമേ അഭിമന്യു കേസിലേക്ക് സെഷൻസ് കോടതി കടക്കൂ. 2018 ലാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തികൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് ആറു വർഷം തികയാറായിട്ടും വിചാരണ തുടങ്ങാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Abhimanyu case trial will be delayed