കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്‍റെ ജീവിതം പറയുന്ന  സിനിമയുടെ പേരിൽ സംവിധായകനായ സിപിഎം നേതാവ് പണം തട്ടിയെടുത്തെന്ന് പരാതി. റാന്നി സ്വദേശി സുനിലാണ് സംവിധായകൻ സജി എസ് പാലമേലിനെതിരെ കോടതിയെ സമീപിച്ചത്.  സമ്മേളന കാലത്തെ ബോധപൂർവ്വമായ ആരോപണം എന്നാണ് സംവിധായകൻറെ മറുപടി. 

അഭിമന്യുവിൻ്റെ ജീവിതവും കൊലപാതവും പറയുന്ന നാൻ പെറ്റ മകൻ. തിയറ്ററിൽ ഒന്നുമായില്ല.  സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗമാണ് സജി പാലമേൽ.

സിനിമ റിലീസായി 5 വര്‍ഷം പിന്നിടുമ്പോഴാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം. സിനിമയ്ക്കായി 2.32 കോടി സജി വാങ്ങിയെന്നാണ് സുനിൽ പറയുന്നത്. ശബരിമല കരാറുകാരായിരുന്ന സമയത്താണ് സജിയുമായി പരിചയത്തിൽ ആയത്. ഇത്രയും പണം മുടക്കിയിട്ടും സെൻസർ സർട്ടിഫിക്കറ്റിൽ അടക്കം സജിയുടെ പേരാണ് എന്ന് സുനിൽകുമാർ ആരോപിക്കുന്നു. റാന്നി പൊലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. 1.18 കോടി ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതിന്‍റെ രേഖകൾ അടക്കമാണ് കേസ്

സിനിമയുടെ പ്രദര്‍ശനാവകാശം പാര്‍ട്ടി ചാനലിനു കൈമാറിയിരുന്നു. ഈ വകയിലുള്ള 23.5 ലക്ഷം രൂപ മാത്രമാണ് ആകെ തിരികെ കിട്ടിയത് എന്നാണ് സുനിൽ പറയുന്നത്.  3 വര്‍ഷം മുന്‍‌പ് സിപിഎം സമ്മേളന കാലത്താണ് ആദ്യം പരാതി വന്നതെന്ന് സംവിധായകനും ചാരുംമൂട് ഏരിയ കമ്മിറ്റി അംഗവുമായ സജി എസ് പാലമേല്‍ പറഞ്ഞു.  ഇക്കുറിയും ഏരിയ സമ്മേളനകാലത്ത് തന്നെ  പരാതി ഉയര്‍ന്നതിൽ അതിശയമില്ല. പാർട്ടിയെ അടക്കം ബോധ്യപ്പെടുത്തിയതാണെന്നും സജി പറയുന്നു.

ENGLISH SUMMARY:

A complaint has been filed alleging that the CPM leader and director of the film depicting the life of SFI leader Abhimanyu embezzled money