kattappana-one

മോഷണശ്രമത്തിനിറങ്ങിയ രണ്ടു യുവാക്കള്‍ പിടിക്കപ്പെട്ടതോടെ ചുരുളഴിഞ്ഞത് ദുരൂഹമായ പല കഥകളുടെയും അവിശ്വസനീയമെന്നു തോന്നുന്ന ഇരട്ടക്കൊലപാതകങ്ങളുടെയും പുറത്തുവരാത്ത യാഥാര്‍ത്ഥ്യങ്ങളാണ്. മാര്‍ച്ച് 2നാണ് കട്ടപ്പന സ്കൂള്‍ ജംക്ഷനു സമീപത്തെ വര്‍ക് ഷോപ്പില്‍ നിന്നും മോഷണത്തിനായി കക്കാട്ടുകട സ്വദേശി വിഷ്ണുവും നിതീഷുമെത്തുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സ്ഥാപന ഉടമയുടെ മകനും സുഹൃത്തും ആവഴിയെത്തുന്നു. അതോടെ ചോദ്യം ചെയ്യലും ഉന്തുതള്ളും. ഉടന്‍ തന്നെ സ്ഥലത്ത് പൊലീസെത്തുന്നു. ചോദ്യം ചെയ്യലില്‍ മോഷണം മാത്രമല്ല കൊലപാതകവും പുറത്തുവരുന്നു. 

ചോദ്യം ചെയ്യലിനിടെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നവജാത ശിശുവിന്റെയും മധ്യവയസ്കന്റെയും കൊലപാതക വിവരങ്ങൾ സ്ഥിരീകരിക്കുന്നത്. 

kattappana-two

മോഷണക്കേസിൽ റിമാൻഡിലായ കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന പുത്തൻപുരയ്ക്കൽ നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. സുഹൃത്തും ഒപ്പം താമസിക്കുന്നയാളുമായ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ , വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് നിതീഷ് വെളിപ്പെടുത്തിയത്. എട്ടുവർഷം മുൻപ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കട്ടപ്പന സാഗരാ ജംക്‌ഷനിൽ, ഇവർ മുൻപ് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് കുഴിച്ചിട്ടിട്ടുണ്ടെന്നാണ് വിവരം. വിജയന്റെ മകളിൽ നിതീഷിനുണ്ടായ ആൺകുഞ്ഞിനെയാണ് 2016 ജൂലൈയിൽ കൊലപ്പെടുത്തിയത്. ഇവർ വിവാഹിതർ അല്ലാതിരുന്നതിനാൽ മാനഹാനി ഭയന്നാണ് കൊലപാതകമെന്നാണ് സൂചന.

kattappana-three

വിജയന്റെ സഹായത്തോടെ നവജാത ശിശുവിന്റെ മുഖം തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് നിതീഷ് കൊലപ്പെടുത്തിയെന്നാണ് സൂചന. കുഞ്ഞിന്റെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിനു സമീപത്തെ തൊഴുത്തിൽ കുഴിച്ചുമൂടിയെന്നാണ് വിവരം.  ഈ കേസിൽ വിജയനും മകൻ വിഷ്ണുവും പ്രതികളാണ്.

ആദ്യ കൊലപാതകത്തിന് ഉൾപ്പെടെ ഇവർക്കൊപ്പം നിന്ന വിജയനെത്തന്നെയാണ് പിന്നീട് ഇവർ വകവരുത്തിയത്. വിജയന്റെ കൊലപാതകം നടന്നിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. വീടിനുള്ളിൽവച്ചുണ്ടായ തർക്കത്തിനിടെ വിജയനെ നിതീഷ് ഷർട്ടിൽ പിടിച്ച് വലിച്ച് നിലത്തിട്ടശേഷം ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. പിന്നീട് വിജയന്റെ മകൻ വിഷ്ണു ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് വീട്ടിലെ ഒരുമുറിയിൽ തന്നെ കുഴിയെടുത്ത് വി‍ജയന്റെ മൃതദേഹം മറവുചെയ്തത്.

 വിജയന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസങ്ങളെ മുതലെടുത്തും പൂജകളിലും മറ്റുമുള്ള ചെറിയ അറിവ് പ്രയോഗിച്ചുമാണ് നിതീഷ് ആ കുടുംബത്തെ സ്വാധീനിച്ചത്. രണ്ട് ജീവനുകൾ നഷ്ടമായിട്ടും അതിന്റെ വിവരങ്ങൾ പുറത്തുവരാതിരുന്നതും കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് വിവരം. വിജയന്റെ മകളുടെ കയ്യിൽ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് നിതീഷ് ഇവർക്കൊപ്പം കൂടുന്നത്. നിതീഷിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റിയപ്പോൾ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം അകലം പാലിക്കേണ്ടിവന്നു. 

kattappana-four

 

വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയത്. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. മകളെ വിവാഹം കഴിപ്പിച്ചാൽ ശക്തി വർധിക്കുമെന്ന് വിശ്വസിപ്പിച്ചെന്നും സൂചനയുണ്ട്. അതിനുശേഷമാണ് യുവതിക്ക് നിതീഷിൽ കുഞ്ഞ് ജനിച്ചത്.വിജയന്റെ മകളും ഭാര്യയും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞതിനാൽ അവിടെ സ്ത്രീകൾ ഉണ്ടായിരുന്നതായി നാട്ടുകാർക്കുപോലും അറിയില്ലായിരുന്നു. തൊട്ടടുത്ത വീട്ടിൽ നിന്നാണ് ഇവർ ശുദ്ധജലം ശേഖരിച്ചിരുന്നത്. എന്നാൽ വിഷ്ണുവാണ് എപ്പോഴും വെള്ളം എടുക്കാൻ എത്തിയിരുന്നതെന്നാണ് സമീപവാസികൾ പറയുന്നത്.

 

വീടിനുള്ളിൽവച്ചുണ്ടായ തർക്കത്തിനിടെ വിജയനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം വീടിനുള്ളിൽ മറവു ചെയ്യാൻ  കുഴിയെടുത്തത് ഒന്നര ദിവസത്തോളമെടുത്താണ്. തുടർന്ന് മൃതദേഹം മൂന്നായി വളച്ച് തലഭാഗം മുട്ടിനോടു ചേർത്തുവച്ച് കാർഡ്‌ബോർഡ് പെട്ടിയിലാക്കി അതിനു മുകളിൽ പാക്കിങ് ടേപ്പ് ഒട്ടിച്ചാണ് കുഴിക്കുള്ളിൽ ഇറക്കിയതെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയപ്പോൾ പെട്ടി അഴുകി നശിച്ചിരുന്നെങ്കിലും ടേപ്പ് കണ്ടെത്തിയതായി സ്ഥലത്ത് ഉണ്ടായിരുന്ന കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.

ഒരു ബാത്റൂം അറ്റാച്ഡ് കിടപ്പുമുറികൾ ഉൾപ്പെടെ 3 മുറികളാണ് വീട്ടിലുള്ളത്. കൂടാതെ ഹാൾ, അടുക്കള, ഡൈനിങ് റൂം എന്നിവയുമുണ്ട്. മറ്റെല്ലാ മുറികളും ടൈൽ പാകിയതാണെങ്കിലും പിന്നീട് കൂട്ടിച്ചേർത്ത് നിർമിച്ച ഒരു മുറി മാത്രം കോൺക്രീറ്റ് ചെയ്തിരിക്കുകയായിരുന്നു. ആ മുറിയിലാണ് മൃതദേഹം മറവു ചെയ്തിരുന്നത്.മൃതദേഹം മറവു ചെയ്തിരുന്ന മുറിയിൽ മറ്റ് വസ്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. മറ്റു രണ്ട് മുറികളിൽ പൂജകൾ ചെയ്യാനായി കറുത്ത പ്ലാസ്റ്റിക് കൊണ്ട് മറച്ച്  പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുറികൾക്കുള്ളിലെല്ലാം ചാക്കുകെട്ടുകളാണ്. ജനലുകളെല്ലാം പ്ലാസ്റ്റിക് കൊണ്ട് മറച്ചിരുന്നു. ഇതിൽ ഒരു മുറിയിലാണ് വിജയന്റെ ഭാര്യ സുമയും മകളും കഴിഞ്ഞിരുന്നത്. ഈ മുറിയിലെ ഭിത്തിയിലെ തട്ടുപോലുള്ള ഭാഗത്ത് പാചകം ചെയ്യാനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു. വീടെപ്പോഴും കര്‍ട്ടനുകള്‍ ഉപയോഗിച്ച് അടച്ചിട്ട നിലയിലായിരുന്നു. എന്തിനാണിത്രയും കര്‍ട്ടനുകള്‍ എന്ന സംശയം പലപ്പോഴും തോന്നിയിരുന്നെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. 

 

ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബി, എസ്എച്ച്ഒ എൻ.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഒന്നാകെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൂടെയാണ് സമാനതകളില്ലാത്ത കൊലപാതകക്കേസിന്റെ ചുരുളഴിച്ചത്.

 

Kattappana Murder; Miseries round around the house and the culprits