വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ സന്‍ജയ് കൗള്‍. അപേക്ഷകള്‍ലഭിച്ചാല്‍ പരിശോധിച്ച് തുടര്‍നടപടികള്‍ക്കായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്ന്  മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍  മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. 

ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് കേരളത്തിലെ വോട്ടെടുപ്പ് ദിനം. മതപരമായ ചടങ്ങുകളുള്ളതിനാല്‍ അന്ന് വോട്ടെടുപ്പ് ബുദ്ധിമുണ്ടാക്കുമെന്നും മാറ്റിവെക്കണമെന്നും ഉള്ള അഭിപ്രായം ചില സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ആവശ്യമൊന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ സന്‍ജയ് കൗളിന്റെ മുന്നില്‍ രേഖാമൂലം എത്തിയിട്ടില്ല. അപേക്ഷകളോ നിര്‍ദേശങ്ങളോ ലഭിച്ചാല്‍ അവ പരിശോധിച്ച് തുടര്‍നപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞു.  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷകള്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് ലഭിച്ചു തുടങ്ങി. നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് ആദായ നികുതികമ്മിഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തുകളിലെ ഉദ്യോഗസഥരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം  മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സംഘടനയും ഇതേ ആവശ്യം ഉനന്യിച്ചു. എന്നാല്‍ ഇതൊന്നും സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍. ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, എഫ് .സി.ഐ ഉദ്യോഗസ്ഥര്‍ , വനം ഉദ്യോഗസ്ഥര്‍ എന്നിവരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന്  ഒഴിവാക്കും.  ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കണമെങ്കില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം. ഏറ്റവും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഇക്കാര്യം ആവശ്യപ്പെട്ടാല്‍മതി എന്നാണ്  തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. 

sanjay kaul said that no requests have been received to change the polling on friday