dyfi

ട്രോളുകള്‍ക്കും വിവാദങ്ങള്‍ക്കും ചെവികൊടുക്കാതെ കൊല്ലം ജില്ലാ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പൊതിച്ചോർ വിതരണം എട്ടാം വർഷത്തിലേക്ക്. ജനങ്ങളുടെ ആവശ്യത്തിനൊപ്പം നില്‍ക്കുകയാണെന്നും പൊതിച്ചോറില്‍ രാഷ്ട്രീയമില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണത്തില്‍ ചിന്ത ജെറോമിനെ കേന്ദ്രീകരിച്ചാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് വ്യാപക ട്രോള്‍ പ്രചരിച്ചത്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പൊതിച്ചോര്‍ ചര്‍ച്ചയായതാണ്. അതിനാല്‍ ആരോപണങ്ങള്‍ക്കോ, ട്രോളുകള്‍ക്കോ പിന്നാലെ പോകാനില്ല. പൊതിച്ചോര്‍ വിതരണം എട്ടാം വര്‍ഷത്തിലേക്കെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലും പാരിപ്പളളി മെഡിക്കല്‍ കോളജിലും ഉള്‍പ്പെടെ നിരവധി പേരാണ് ഉച്ചഭക്ഷണം ഏറ്റുവാങ്ങുന്നത്. 

      

ജില്ലാ ആശുപത്രിക്ക് സമീപം ക്രമീകരിച്ച ചടങ്ങില്‍ പ്രചാരണതിരക്കിനിടെ ഇടതുസ്ഥാനാര്‍ഥി എം മുകേഷും സാന്നിധ്യമായി. ഏഴ് വർഷത്തിനിടെ അൻപത്തിനാല് ലക്ഷത്തിലധികം പൊതിച്ചോർ ജില്ലാ ആശുപത്രിയില്‍ മാത്രം വിതരണം ചെയ്തെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആര്‍. അരുൺബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.