iringalakuda
ജീവനക്കാരുടെ ദ്രുതഗതിയിലെ ഇടപെടലാണ് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ നടന്ന ആത്മഹത്യ വലിയ ദുരന്തത്തിലെത്താതെ അവസാനിച്ചത്. നഗര മധ്യത്തിലെ പമ്പിൽ വലിയ തിരക്കുള്ള സമയത്താണ് കാട്ടുങ്ങചിറ സ്വദേശി ഷാനവാസ് മെഷീനിന്‍റെ തൊട്ട് സമീപം പെട്രോൾ ദേഹത്തേക്കൊഴിച്ച് തീ കൊളുത്തിയത്. 3 ടാങ്കുകളിലായി 30000 ലീറ്ററിന് മുകളിൽ ഇന്ധനമാണ് പമ്പിൽ ഉണ്ടായിരുന്നത്. ഷാനവാസിനെ പിടിച്ചു മാറ്റി ഉടൻ തീ കെടുത്തിയതോടെ ഒരു നാടിനെയാകെ അപകടത്തിൽ നിന്ന് രക്ഷപെടുത്തിയതിന്‍റെ ആശ്വാസത്തിലാണ് പമ്പിലെ ജീവനക്കാരും മാനേജറും. ജീവനക്കാർക്ക് നൽകിയ പ്രത്യേക ക്ലാസാണ് ആത്മധൈര്യത്തിനു പിന്നിലെന്നായിരുന്നു മാനേജർ ബെന്നിയുടെ പ്രതികരണം.