TAGS

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നു. ദേവാലയങ്ങളില്‍ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷുകളും നടന്നു.   ഇരിങ്ങാലക്കുട താഴേക്കാട്  സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സിറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ് റാഫേൽ തട്ടിൽ പെസഹാ ദിന കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. പന്ത്രണ്ടു പേരുടെ കാലുകൾ കഴുകി. പരിശുദ്ധ കുർബാനയെ ചേർത്തു പിടിക്കാൻ മാർ തട്ടിൽ ആഹ്വാനം ചെയ്തു.  തിരുവനന്തപുരം പട്ടം സെന്‍റ്  മേരീസ് പളളിയിലെ പെസഹാവ്യാഴ ശുശ്രൂഷകള്‍ക്ക്  സിറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാബാവ നേതൃത്വം നല്‍കി

 പാളയം സെന്റ് ജോസ്ഫ്സ് കത്തീഡ്രല്‍ ദേവാലായത്തിലെ തിരുക്കര്‍മങ്ങള്‍ക്ക് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ കാര്‍മികത്വം വഹിച്ചു.  ഗുജറാത്തിലെ ബറോഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പെസഹാ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ കാർമികത്വം വഹിച്ചു. 

പുതുപ്പള്ളി നിലയ്ക്കൽ പള്ളിയില്‍ ഓർത്തോഡോക്സ് സഭയുടെ പെസഹാദിന ശുശ്രൂഷകൾക്ക് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ്  കാർമികത്വം വഹിച്ചു. അങ്കമാലി മൂക്കന്നൂർ സെൻ്റ് ജോർജ് സെഹിയോൻ യാക്കോബായ പള്ളിയിൽ നടന്ന ഗുശ്രൂഷകൾക്ക് ഡോ. എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പെസഹാ ശുശ്രൂഷകള്‍ക്ക് യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.  എറണാകുളം സെൻ്റ് ഫ്രാൻസിസ് അസ്സീസി പള്ളിയിൽ നടന്ന പെസഹാദിന ശുശ്രൂഷകൾക്ക് ലത്തീൻ സഭ വരാപ്പുഴ അതിരൂപതാധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.

Maundy thursday rituals were held in churches