The-Great-Indian-Vote-HD-DoubleVote

ഇടുക്കി ഉടുമ്പൻചോലയിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയ വോട്ടർമാരുടെ ഹിയറിങ് നടത്തി. പഞ്ചായത്തിലെ രണ്ട് വാർഡുകളിലായി 211 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട്‌ കളക്ടർക്ക് കൈമാറും.  ഇടുക്കിയിലും തമിഴ്നാട്ടിലുമായി ഇരട്ട വോട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ റവന്യു വകുപ്പ് 211 പേർക്കാണ് നോട്ടീസ് നൽകിയത്. ഇവരിൽ 115 പേർ ചതുരംഗപ്പാറ വില്ലേജ് ഓഫീസിൽ ഹിയറിങിന് ഹാജരായി. ഹാജരാകാത്തവർ തമിഴ്നാട്ടിൽ സ്ഥിര താമസം ഉള്ളവരോ മരണപ്പെട്ടവരോ ആണെന്നാണ് നിഗമനം. 

 

ഹാജരായവരിൽ 30 പേർ കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലാണ് ഹിയറിങ് നടത്തിയത്. വോട്ടർമാരുടെ വിശദീകരണം ഉൾപ്പെടുത്തി റിപ്പോർട്ട്‌ ഉടൻ തന്നെ കളക്‌ടർക്ക് കൈമാറും. തുടർന്ന് തമിഴ്നാട് തേനിയിലെ ഫോട്ടോ പതിപ്പിച്ച വോട്ടേഴ്‌സ് ലിസ്റ്റ് ഔദ്യോഗികമായി ആവശ്യപ്പെടും. ഇതിന് ശേഷം ഇരട്ട വോട്ടുകളിൽ ഒന്ന് നീക്കം ചെയ്യും. ബിജെപി പ്രാദേശിക നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 വാർഡുകളിലായി 211 ഇരട്ടവോട്ടുകൾ കണ്ടെത്തിയത്. പീരുമേട്, ദേവികുളം ഉടുമ്പൻചോല മണ്ഡലങ്ങളിലെ തോട്ടംമേഖലകളിൽ പതിനായിരക്കണക്കിന് ഇരട്ടവോട്ടുകൾ ഉണ്ടെന്നാണ് ആരോപണം