സ്കൂളിലെ കിണര്‍ വൃത്തിയാക്കാന്‍ ആളെക്കിട്ടിയില്ല. എന്നാല്‍ ഞാന്‍ വൃത്തിയാക്കിക്കോളാമെന്ന് പാചകക്കാരി. അങ്ങനെ പ്രധാന അധ്യാപികയും പിടിഎ പ്രസിഡന്‍റും കൂടി സഹായികളായി കിണര്‍‌ വൃത്തിയാക്കി. റാന്നി പാലച്ചുവട് എസ്എന്‍ടി യുപി സ്കൂളിലെ കിണറാണ് അങ്ങനെ വൃത്തിയാക്കിയത്.   

സ്കൂളടച്ചു. കിണറും വരണ്ടു. എന്നാല്‍ മഴ വരും മുന്‍പ് കിണര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചു. ആളെക്കിട്ടാനും ക്ഷാമം. അങ്ങനെ സ്കൂളിലെ പാചകക്കാരി പറഞ്ഞു ഞാന്‍ ഇറങ്ങി വൃത്തിയാക്കാം. പ്രധാന അധ്യാപിക രാജി നിരുല്‍സാഹപ്പെടുത്തിയിട്ടും അടങ്ങിയില്ല. ഇരുപതടി ആഴത്തിലുള്ള കിണറ്റിലിറങ്ങി. അടിയില്‍ പാറയുള്ള കിണറാണ്. വൃത്തിയാക്കാന്‍ മൂന്നുമണിക്കൂറോളമെടുത്തു. വെള്ളവും ചെളിയും വലിച്ചു കയറ്റിയത് പ്രധാന അധ്യാപിക കെ.വി.രാജിയും പിടിഎ പ്രസിഡന്‍റ് എം.സരിതയും. 

മൂന്നു വര്‍ഷം മുന്‍‌പാണ് സിന്ധു പാചകത്തിന് സ്കൂളില്‍ എത്തിയത്. മുന്‍പ് അത്യാവശ്യ ഘട്ടത്തില്‍ സ്വന്തം വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് പ്രചോദനം. കിണര്‍ വൃത്തിയാക്കാന്‍ വരുന്നയാള്‍ക്ക് വച്ചിരുന്ന പണം പ്രധാന അധ്യാപിക നല്‍കിയിട്ടും സിന്ധു സ്നേഹത്തോടെ നിരസിച്ചു. 

ranni teachers who cleaned school well