കഴിഞ്ഞ മാസമാണ് പ്ലസ്ടുവിദ്യാര്‍ഥിനി പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ചത്. പനിബാധ ആരോഗ്യം വഷളാവുന്ന രീതിയിലേക്ക് എങ്ങനെ മാറി എന്നതായിരുന്നു അന്നുയര്‍ന്ന ചോദ്യം. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണി ആണെന്നും കണ്ടെത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് കഴിച്ചതാണ് പനിബാധയിലേക്കും തുടര്‍ന്ന് മരണത്തിലേക്കും പെണ്‍കുട്ടിയെ നയിച്ചതെന്ന് സ്ഥിരീകരണം വന്നു. അന്നു മുതല്‍ ഗര്‍ഭത്തിന് ഉത്തരവാദി ആരെന്ന സംശയത്തിലായിരുന്നു പൊലീസ്. സഹപാഠിയെ ആയിരുന്നു സംശയം.
പോക്‌സോ കേസ് എടുത്ത് അന്വേഷണം നടത്തിയ പൊലീസിന് പെണ്‍കുട്ടിയുടെ സഹപാഠിയായ നൂറനാട് സ്വദേശി അഖിലിനെ ആയിരുന്നു സംശയം. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചതോടെ സ്ഥിരീകരണമായി. അഖിലിനെ പൊലീസ് നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് 18വയസ് പൂര്‍ത്തിയായെന്ന് വ്യക്തമായതോടെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് മരിച്ച നിലയിലുള്ള ഗര്‍ഭസ്ഥശിശുവിന്റെ രക്തസാമ്പിളും പ്രതിയുടെ സാമ്പിളും പരിശോധനക്ക് അയച്ചത്.
തിരുവനന്തപുരം ഫൊറന്‍സിക് ലാബിലെ പരിശോധനയിലാണ് സഹപാഠി അഖിലാണ് പിതാവെന്ന് പൊലീസ് പൂര്‍ണമായും സ്ഥിരീകരിച്ചത്. പ്രതി ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പും അന്ന് കണ്ടെത്തിയിരുന്നു.ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.