കല്ലടയാറ്റില്‍ ക്ഷേത്രത്തിനു സമീപത്തെ മീനുകളെ പിടിച്ചു കറിവെച്ചു കഴിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവാക്കള്‍ പിടിയിലായി. 

കൊല്ലം കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന മീനുകളെയാണ് ഇവര്‍ പിടികൂടി പാചകം ചെയ്തത്.   പശ്ചിമബംഗാളുകാരായ യുവാക്കളാണ് പിടിയിലായത്. തിരുമക്കളെ കാണുന്നതിനും മീനൂട്ട് വഴിപാടു നടത്തുന്നതിനുമായി നിരവധി വിശ്വാസികളെത്തുന്ന ക്ഷേത്രമാണിത്.

പശ്ചിമബംഗാളുകാരായ 19 വയസുള്ള സാഫില്‍, 23 വയസുള്ള ബസരി, ഇവരോടൊപ്പം ഉണ്ടായിരുന്ന പതിനേഴുകാരന്‍ എന്നിവരെയാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്. മേടവിഷു ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം വാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്നവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ കല്ലടയാറ്റില്‍ നിന്ന് മീനുകളെ പിടിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപത്തു നിന്ന് തിരുമക്കള്‍ എന്നറിയപ്പെടുന്ന മീനുകളെ പ്രതികള്‍ പിടികൂടിയത്. മീനുകളെ യുവാക്കള്‍ പിടികൂടി പാചകം ചെയ്തു. ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

 

Kollam Kulathupuzha fishing near temple, three arrested