ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്സിന്റെത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശി രേഷ്മിയുടെ മൃതദേഹമാണ് സ്റ്റേഷനിൽ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള മേഖലയിൽ നിന്നും കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുരുക്കി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള മേഖലയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഉയരം കുറവുള്ള റേയ്ക്കിൽ ഷാൾ കുരുക്കി, ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയൽ രേഖകൾ ഒന്നും കയ്യിൽ ഇല്ലാത്ത യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞിരുന്നു. രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയെങ്കിലും രണ്ട് ദിവസം പിന്നിട്ടിട്ടും ആരാണ് യുവതിയെന്ന് തിരിച്ചറിയാൻ റെയിൽവേ പോലീസിന് കഴിഞ്ഞിരുന്നില്ല.
മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ രേഷ്മിയെന്ന ആരോഗ്യ പ്രവർത്തകയാണ് മരിച്ച യുവതി. ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രേഷ്മി കഴിഞ്ഞിരുന്നത്. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്നു. കഴിഞ്ഞമാസം അമ്മ മരിച്ചു. ഇതിന് പിന്നാലെ മാനസിക വിഷമത്തിൽ ആയിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് വീട് വിട്ടിറങ്ങിയത്. പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെൻട്രൽ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നേ മുക്കാലിന് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയുടെ പക്കൽ ഒരു കുപ്പിവെള്ളം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. വിശ്രമമുറിക്ക് സമീപത്ത് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത മേഖലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം.
എന്നാൽ യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെയെന്നും, നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടെന്നും പോലീസ് വിശദീകരിച്ചിട്ടില്ല .
Kerala Nurse found dead at Chennai central railway station