പൂതനാ മോക്ഷം കഥകളി മികവോടെ അരങ്ങിലെത്തിച്ച് ആറാം ക്ലാസുകാരിയുടെ പകർന്നാട്ടം. പാലക്കാട് ലക്കിടി സ്വദേശിനി ശിവാനി പ്രദീപാണ് കുഞ്ചൻ സ്മാരക വായനശാലയിലെത്തിയ സദസിനെ വിസ്മയിപ്പിച്ചത്.
മുദ്രയും, ഭാവവും, മെയ് വഴക്കുമെല്ലാം ഒന്നിനൊന്ന് മെച്ചം. പാടിപ്പതിഞ്ഞ പദങ്ങളിൽ ശിവാനി ആത്മസമർപ്പണത്തോടെ അരങ്ങുണർത്തുകയായിരുന്നു.
ഭാഗവതം ദശമസ്കന്ധത്തിലെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി അശ്വതി തിരുനാൾ ഇളയതമ്പുരാൻ രചിച്ച ആട്ടക്കഥയാണ് പൂതനാമോക്ഷം. കംസൻ കൃഷ്ണനെ വധിയ്ക്കാനായി നിയോഗിക്കുന്ന പൂതന അമ്പാടിയിൽ വന്നു കൃഷ്ണനെ വിഷപ്പാലൂട്ടി വധിയ്ക്കുവാൻ ശ്രമിയ്ക്കുന്നതും പൂതനയ്ക്ക് ജീവൻ നഷ്ടപ്പെടുന്നതുമാണ് കഥ. തുടർന്നു പൂതന മോക്ഷം പ്രാപിക്കുന്നു. മോക്ഷം ലഭിച്ച് സാധാരണ സ്ത്രീയായി മാറിയ ലളിതയെയാണ് ശിവാനി അവതരിപ്പിച്ചത്. നാലു വർഷമായി കലാമണ്ഡലം സോമൻ്റെ ശിക്ഷണത്തിലാണ് കഥകളി പഠനം.
അധ്യാപകനും ഓട്ടൻതുള്ളൽ കലാകാരനുമായ കുഞ്ചൻ സ്മാരകം പ്രദീപിൻ്റെയും രമ്യയുടെയും മകളാണ് ശിവാനി. ലക്കിടി ശ്രീ ശങ്കരാ ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഓട്ടൻതുള്ളൽ, ഭരതനാട്യം എന്നിവയിലും മികവറിയിക്കുന്നുണ്ട്. തുള്ളലിൽ അച്ഛൻ തന്നെയാണ് ശിവാനിയുടെ ഗുരുനാഥൻ.
Little girl plays Kathakali.