surya

കാണാൻ മനോഹരമാണെങ്കിലും വീട്ടുമുറ്റത്തും പരിസരങ്ങളിലും ധാരാളമായി വളർത്തുന്ന അരളി ജീവന് അപകടകരമായി മാറാൻ സാധ്യതയുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്രൻ എന്ന പെൺകുട്ടിയുടെ മരണമാണ് പൂച്ചെടിയായി നാം വളർത്തുന്ന അരളിയെ സംശയ നിഴലിലാക്കുന്നത്. അശ്രദ്ധമായ ഉപയോഗം അപകടം ഉണ്ടാക്കിയേക്കാം. അരളിയുടെ പൂവിലും ഇലയിലും എല്ലാം മരണകാരണമാകാവുന്ന വിഷാംശം ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു 

കാണാൻ സുന്ദരമാണ് അരളിപ്പൂ . പൂജകൾക്കും ചടങ്ങുകൾക്കുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നു. അരളി പേടിക്കേണ്ട ഒരു ചെടിയാണെന്ന് സംശയം കൂടിയത് ഹരിപ്പാട് സ്വദേശിനി സൂര്യയുടെ മരണത്തോടെയാണ്. യു.കെയിലേക്ക് പോകാനിറങ്ങിയ സൂര്യ ഫോൺ ചെയ്യുന്നതിനിടെ വീടിന് സമീപത്തെ ഏതോ പൂച്ചെടിയുടെ പൂവും ഇലയും നുളളി വായിലിട്ട് കടിച്ചിരുന്നു. പെട്ടെന്ന് തുപ്പിക്കളയുകയും ചെയ്തു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഛർദ്ദിയും അസ്വസ്ഥതയും തോന്നിയ സൂര്യ, ചെക്ക് ഇൻ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരളിചെടിയുടെ ഇലയുപൂവും വായിലിട്ട് ചവച്ചു എന്ന് സൂര്യ തന്നെ ഡോക്ടർമാരോട് പറഞ്ഞിരുന്നു.പോസ്റ്റ് മോർട്ടം റിപോർട്ടിൽ ഹൃദയസ്തംഭനമാണ് മരണ കാരണമായി പറയുന്നത്. ചെറിയ അളവിൽ പോലും അരളിയുടെ പൂവോ ഇലയോ ഉള്ളിൽ ചെല്ലുന്നത് മരണകാരണമാകാമെന്ന് വിദഗ്ധർ പറയുന്നു. ഹൃദയ സ്തംഭനത്തിന് ഇത് കാരണമാകും. 

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട പൂച്ചെടിയാണ് അരളിയെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.  പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറും അരളിച്ചെടിയുടെ വിഷം മരണ കാരണമാകാമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്.എന്നാൽ സൂര്യയുടെ ആമാശയത്തിൽ നിന്ന് ഇതിൻെറ അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇലയും പൂവും തുപ്പിക്കളഞ്ഞതിനാൽ ചാറ് മാത്രം ഉളളിൽ ചെന്നതാകാനാണ് സാധ്യതയെന്നാണ് അനുമാനം.അന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നാലെ അരളിയാണോ വില്ലൻ എന്ന് പൂർണമായും ഉറപ്പിക്കാനാവു. സൂര്യയ്ക്ക് യുകെയിൽ നഴ്സായി ജോലി കിട്ടിയതോടെ പ്രതീക്ഷയിലായിരുന്നു കുടുംബം. സൂര്യയുടെ മരണ മേൽപ്പിച്ച ആഘാതത്തിലാണ് കുടുംബം . 

Arali flower causes death of surya haripad