വെച്ചൂർ പഞ്ചായത്തിലെ മുച്ചൂർകാവിൽ ഭീതിവിതക്കുന്ന കൊടും ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി സർവ്വകക്ഷി യോഗം. പ്രദേശത്ത് പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാവുകയാണ്.. പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം വ്യാപകമായതോടെ നിരവധി നാട്ടുകാർക്ക് മർദനമേറ്റിരുന്നു.
മുച്ചൂർ കാവിലെ ഒരു വീട്ടിൽ കൊടും ക്രിമിനൽ സംഘങ്ങൾ തമ്പടിച്ച് പ്രദേശവാസികൾക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതിയായതോടെ പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടായിരുന്നു ഗുണ്ടകളുടെ മറുപടി. മാധ്യമ വാർത്തകളെ തുടർന്ന് പൊലീസ് പട്രോളിംഗ് ശക്തമാക്കിയെങ്കിലും നാട്ടുകാരുടെ ആശങ്ക വ്യക്തമാക്കുന്നതായിരുന്നു യോഗത്തിലുണ്ടായ പ്രതികരണങ്ങൾ…. ഒപ്പം പൊലീസിന് വിമർശനവും
എല്ലാ രാഷ്ട്രീയ- സമുദായ പ്രതിനിധികളും പൊലീസ് നടപടിയിലുള്ള അതൃപ്തി വ്യക്തമാക്കി. മുച്ചൂർ കാവിൽ കൊടും ക്രിമനലുകൾ എത്താതിരിക്കാൻ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുകയാണെന്നും ഏത് സമയത്തും നാട്ടുകാർക്ക് സഹായം ലഭ്യമാക്കുമെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.
ശക്തമായ പൊലീസ് ഇടപെടലിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കാണാനാണ് സർവ്വകക്ഷി യോഗത്തിൽ തിരഞ്ഞെടുത്ത കമ്മറ്റിയുടെ നീക്കം.