Heat-rain

TAGS

സംസ്ഥാനത്ത് പന്ത്രണ്ടു ജില്ലകളില്‍ ഉയര്‍ന്ന താപനിലക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ചൂട് 39 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന്  ജില്ലയിലെ നിയന്ത്രണങ്ങള്‍  മറ്റന്നാള്‍വരെ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ആഴ്ച സംസ്ഥാനത്ത് പരക്കെ മഴകിട്ടാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഉയര്‍ന്ന പകല്‍താപനിലക്കുള്ള യെലോ അലര്‍ട്ട് നിലവിലുള്ളത് . എന്നാല്‍ ഒരുജില്ലയിലും ഉഷ്ണ തരംഗ മുന്നറിയിപ്പില്ല. പാലക്കാട് പകല്‍ചൂട് 39 ഡിഗ്രി സെല്‍സ്യസിലേക്ക് എത്തി. 

 

ജില്ലയിലെ നിയന്ത്രണങ്ങള്‍ മറ്റന്നാള്‍ വരെ തുടരാനാണ്  സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂ എന്ന് കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.  11 മണി മുതല്‍ മൂന്നുമണിവരെയുള്ള സമയത്ത് കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ പാടില്ല. തുറസായ സ്ഥലത്ത് ജോലിചെയ്യുന്നതിനും സമയ നിയന്ത്രണം ബാധകമാണ്. കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെ  ചൂട് അനുഭവപ്പെട്ടു.

ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബുധനാഴ്ചക്ക് ശേഷം മഴ കനക്കാനാണ് സാധ്യത, ഇടിമിന്നലിനും ഇടയുണ്ട്.  വ്യാഴാഴ്ച മലപ്പുറത്തും വയനാട്ടിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിലും വ്യാപകമായി മഴകിട്ടിയേക്കും.