model-punishment

ആലപ്പുഴ ചാരുംമൂട്ടിൽ അപകടകരമായി വാഹനത്തിൽ യാത്ര ചെയ്തതിന് സാമൂഹ്യ സേവന ശിക്ഷ ലഭിച്ച യുവാക്കൾ സേവനം തുടങ്ങി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പത്തനാപുരം ഗാന്ധി ഭവനിലും  സാമൂഹ്യ സേവനം നടത്താനാണ് ഇവരോട് നിർദേശിച്ചിരിക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ സേവനത്തിന് ഹാജരായ യുവാക്കളെ ഓർത്തോ വിഭാഗത്തിൽ സഹായിക്കാന്‍ നിയോഗിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കായംകുളം പുനലൂർ റോഡിൽ , വെട്ടിക്കോട്ട് ഭാഗത്ത് നടത്തിയ ഈ അപകട യാത്രയുടെ പേരിലാണ് യുവാക്കൾക്ക് സാമൂഹ്യ സേവന ശിക്ഷ നൽകിയത്.

 

മാതൃകാപരമായ നടപടി എന്ന നിലയ്ക്കും വീണ്ടും തെറ്റ് ആവർത്തിക്കാതിരിക്കാനുമാണ് ഇത്തരം ശിക്ഷ നൽകിയതെന്നാണ്  മോട്ടോർ വാഹന വകുപ്പ് പറയുന്നത് ഇന്നു രാവിലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവാക്കളെ ഓർത്തോ വിഭാഗത്തിൽ സഹായിക്കാനാണ് നിയോഗിച്ചത്. മോട്ടർ വാഹന വകുപ്പ് മെഡി.കോളജ്  ആശുപത്രി സൂപ്രണ്ടിന് കത്തുനൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ സേവനം.

ആശുപത്രിയിലെ സേവനം പൂർത്തിയാക്കുന്ന ഇവർ സൂപ്രണ്ട് നൽകുന്ന സർട്ടിഫിക്കറ്റ് മോട്ടർ വാഹന വകുപ്പിൽ ഹാജരാക്കണം. അപകട യാത്രയ്ക്ക്  പിന്നാലെ ഇവർ യാത്ര ചെയ്ത  കാർ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. കാർ ഇപ്പോൾ നൂറനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. കാർ ഡ്രൈവറുടെ ലൈസൻസും  റദ്ദാക്കും.