കണ്ണൂർ പയ്യന്നൂരിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. അനിലയുടെ കഴുത്ത് ഞെരിച്ചതിന്റെ സൂചനകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതായാണ് സൂചന. ഇന്നലെയാണ് രണ്ടുദിവസം മുമ്പ് കാണാതായ അനിലയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അനിലയെ കൊന്ന് സുഹൃത്ത് സുദർശൻ പ്രസാദ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ മൃതദേഹത്തിൽ കണ്ടെത്തിയതായാണ് സൂചന.
വായിലൂടെയും മുക്കിലൂടെയും രക്തം വന്നത് അടിയേറ്റത് കാരണമാണെന്നാണ് നിഗമനം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെയേ കൂടുതൽ കാര്യത്തിൽ വ്യക്തത ലഭിക്കൂ. ഇരുവരും സുഹൃത്തുക്കളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച അന്നൂരിലെ വീട്ടിലേക്ക് സുദർശന്റെ ബൈക്കിലാണ് അനില എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സൗഹൃദം എങ്ങനെ കൊലപാതകത്തിലേക്ക് എത്തിയെന്ന ചോദ്യമാണ് പൊലീസിന് മുന്നിൽ.
അനിലയുടെ മുഖം അടിയേറ്റ് വികൃതമായിട്ടുണ്ട്. എന്നാൽ അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീടിനകത്തുനിന്ന് കണ്ടെത്താനായില്ല. അനിലയുടെ ഫോൺ വെള്ളോറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടെ എങ്ങനെ എത്തിയെന്നും കണ്ടെത്തേണ്ടതുണ്ട്. അന്നൂർ സ്വദേശി ജിറ്റി ജോസഫും കുടുംബവും വിനോദയാത്ര പോയതിനാൽ വീട് നോക്കാനായി സുദർശനെ ഏൽപ്പിച്ചിരുന്നു. സുദർശന്റെ മരണവിവരമറിഞ്ഞു വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്ന് 22 കിലോമീറ്റർ അകലെ ജോലി ചെയ്യുന്ന റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സുദർശന്റെ മൃതദേഹം.