കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം നൽകിയ വിടുതൽ ഹർജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിലേക്ക് മാറ്റി. കുറ്റപത്രത്തിലെ ആരോപണങ്ങൾ ചോദ്യം ചെയ്താണ് പ്രതിഭാഗം വിടുതൽ ഹർജി നൽകിയത്. ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് നാളെ ഒരു വർഷം പൂർത്തിയാകും.
കഴിഞ്ഞ വർഷം മേയ് പത്തിന് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ചാണ് കോട്ടയം മുട്ടുച്ചിറ സ്വദേശിനി ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായി
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി കുടവട്ടൂർ സ്വദേശി സന്ദീപിനെ കോടതിയിൽ ഹാജരാക്കി. പ്രതിഭാഗം നൽകിയ വിടുതൽ ഹർജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിന് പരിഗണിക്കും.
കൊലപാതക കുറ്റം സംബന്ധിച്ച കുറ്റപത്രത്തിലെ ആരോപണങ്ങൾ ചോദ്യം ചെയ്താണ് പ്രതിഭാഗം വിടുതൽ ഹർജി നൽകിയത്. ഡോക്ടർ വന്ദനയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന ഒരു കുറ്റം മാത്രമാണ് പ്രതി ചെയ്തതെന്നാണ് ഹര്‍ജിയിൽ പറയുന്നത്. കത്രികകൊണ്ടുള്ള മുറിവുകൾ മരണകാരണമാകില്ല. കൃത്യമായ സമയത്തു പരിചരണം നൽകാൻ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും കഴിഞ്ഞില്ല. ഇക്കാര്യങ്ങളാണ് വിടുതൽ ഹർജിയിൽ പറഞ്ഞിരിക്കുന്നതെന്നു പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂർ പറഞ്ഞു.
പ്രതിക്കെതിരെ ഇരുപത്തിനാല് ദൃക്സാക്ഷികൾ ഉൾപ്പെടെ 136 പേരാണ് സാക്ഷിപട്ടികയിലുള്ളതെന്നും വിടുതൽ ഹർജിക്ക് എതിരെ ശക്തമായി നിലകൊള്ളുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ പറഞ്ഞു പ്രതി സന്ദീപിന് ബന്ധുക്കളുമായി സംസാരിക്കാൻ താൽപര്യമുണ്ടെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി പത്തു മിനിറ്റു സമയം അനുവദിച്ചു. കോടതി നടപടികൾ വീക്ഷിക്കാൻ ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും എത്തിയിരുന്നു.
Dr vandana das murder case follow up